ADVERTISEMENT

ന്യൂഡൽഹി∙ പുതിയ ടെലികോം ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇത് പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്സ് നിയമം എന്നിവ പിൻവലിക്കും. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ. ടെലികോം സേവനം വിലക്കുന്നതിലേക്ക് വരെ നയിക്കാം. ടെലികോം കോളുകളും, മെസേജുകളുമാണ് ബില്ലിന്റെ പരിധിയിൽ വരുന്നത്. ഇന്റർനെറ്റ് കോളും മെസേജും ഈ പരിധിയിൽ വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

മറ്റു പ്രധാന വ്യവസ്ഥകൾ:

∙ അനുവദനീയമായ എണ്ണത്തിലുമധികം സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ഈടാക്കാം. ചട്ടമനുസരിച്ച് 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 6 ആണ്. സൈബർ തട്ടിപ്പുകൾ തടയാനാണിത്.

∙ ഒരാളെ ചതിയിൽപ്പെടുത്തി അയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡ് എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കാം.

∙ രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിന് കമ്പനികൾക്ക് നിർദേശം നൽകാം.

∙ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാം.

∙ സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ 'ഇന്റർസെപ്റ്റ്' ചെയ്യാൻ പാടില്ല. എന്നാൽ ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ ഇന്റർസെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയും.

∙ ഒരു സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികൾക്ക് സർക്കാർ വഴി അനുമതി ലഭിക്കും.

∙ അമിതമായ ടെലികോം നിരക്ക് ചുമത്തുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനികളെ നിർദേശിക്കാം.

ശിക്ഷകൾ ഇങ്ങനെ:

∙ അനധികൃത വയർലെസ് ഉപകരണം കൈവശം വയ്ക്കുക: ആദ്യതവണ 50,000 രൂപ പിഴ. പിന്നീട് ഓരോ തവണയും 2 ലക്ഷം രൂപ വീതം.

∙ ടെലികോം സേവനങ്ങൾ ബ്ലോക് ചെയ്യുന്ന അനധികൃത ഉപകരണങ്ങൾ കൈവശം വയ്ക്കുക: 3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടിയോ.

∙ അനധികൃതമായി മെസേജുകളും കോളുകളും ചോർത്തുക, ടെലികോം സേവനം നൽകുക: 3 വർഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടിയോ.

∙ രാജ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുക: 3 വർഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടിയോ. ആവശ്യമെങ്കിൽ സേവനം വിലക്കാം.

∙ ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴ.

English Summary:

Parliament Passes Bill to Simplify Telecom Sector Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com