ADVERTISEMENT

തിരുവനന്തപുരം ∙ ഡിജിപിയുടെ വസതിയിലേക്കു നടന്ന മഹിളാമോർച്ചയുടെ പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത നാലു മാധ്യമപ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തതിനു പിന്നാലെ, മൂന്നു പൊലീസുകാർക്കും സസ്പെൻഷൻ. റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ മൂന്നു പൊലീസുകാർക്ക് എതിരെയാണ് നടപടി. പ്രതിഷേധക്കാര്‍ക്ക് ഗേറ്റ് തുറന്നുകൊടുത്തത് തെറ്റായ നടപടിയെന്ന് വിലയിരുത്തിയാണ് സസ്പെന്‍ഷന്‍. ഡിജിപിയുടെ വീട്ടിൽ കയറിയ 5 മഹിളാമോർച്ച പ്രവർത്തകർ 15 മിനിറ്റോളം അവിടെയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു മഹിള മോർച്ച പ്രവർത്തകർ ഡിജിപിയുടെ വസതിയിലേക്കു തള്ളിക്കയറിയത്. ഡിജിപി വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധം മുൻകൂട്ടിയറിഞ്ഞിരുന്നില്ല.

സാധാരണ ഗതിയിൽ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രകടനങ്ങളോ മാർച്ചുകളോ പ്രതിഷേധങ്ങളോ ഉണ്ടാകാറില്ല. ഇക്കാരണത്താൽ പൊലീസിനെ ഞെട്ടിച്ച പ്രതിഷേധമായിരുന്നു മഹിള മോർച്ച പ്രവർത്തകരുടേത്. പരാതി നൽകാനെന്ന പേരിലാണ് പ്രതിഷേധക്കാരിൽ രണ്ടു പേർ ഗേറ്റിനു സമീപം കാവലുണ്ടായിരുന്ന പൊലീസുകാരെ സമീപിച്ചത്. എന്നാൽ പരാതി പൊലീസ് ആസ്ഥാനത്താണ് നൽകേണ്ടത് എന്ന് ഇവർ സ്ത്രീകളെ അറിയിച്ചു. ഇതിനിടെ മൂന്നു സ്ത്രീകൾ കൂടി ഇവിടെയെത്തി.

ഗേറ്റ് പൂർണമായി അടച്ചിട്ടില്ലായിരുന്നതിനാൽ ആ പഴുതിലൂടെ ഇവർ അഞ്ചുപേരും അകത്തു കയറുകയായിരുന്നു. ഗേറ്റ് തുറന്നിട്ടതും പ്രതിഷേധക്കാരെ മടക്കി അയയ്ക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്നും നിരുത്തരവാദപരമായ നടപടിയാണെന്നും ആർആർഎഫിന്റെ തന്നെ അസിസ്റ്റന്റ് കമാൻഡന്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബറ്റാലിയൻ ഡിഐജി രാഹുൽ ആർ.നായർ ഇവരെ സസ്പെൻഡ് ചെയ്തത്. അതിക്രമിച്ച് കടന്നു കയറി എന്നു കാരണം ചൂണ്ടിക്കാട്ടി കണ്ടാലറിയുന്ന നാലു മാധ്യമപ്രവർത്തകർക്കെതിരെ ഇന്നലെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com