ADVERTISEMENT

തിരുവനന്തപുരം∙ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും രാജിക്കത്തു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണു രാജിവച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി 29ന് സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. 

പൂർണ്ണ സംതൃപ്തിയോടെയാണു കാലാവധി പൂർത്തിയാക്കുന്നതെന്നും പ്രവർത്തനം വിലയിരുത്തേണ്ടതു ജനങ്ങളെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.   രണ്ടരവർഷക്കാലം നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാർഥനയ്ക്കും നന്ദി പറയുന്നതായി ആന്റണി രാജു പറഞ്ഞു. ‘‘കെഎസ്ആർടിസി ഉൾപ്പെടുന്ന ഗതാഗതവകുപ്പാണ് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണത്.  ശമ്പളം പൂർണ്ണമായി മുഴുവൻ ജീവനക്കാർക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണു രാജിക്കത്ത് സമർപ്പിക്കാൻ കഴിഞ്ഞതെന്നതിൽ ചാരിതാർഥ്യമുണ്ട്.’’– ആന്റണി രാജു പറഞ്ഞു. 

‘‘രണ്ടരവർഷം മന്ത്രിയായിരിക്കാനായിരുന്നു എൽഡിഎഫ് ധാരണ. കഴിഞ്ഞ 19 നു തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. നവകേരള സദസ്സ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നതിനാൽ മന്ത്രിസ്ഥാനത്ത് തുടരാനായിരുന്നു മുഖ്യമന്ത്രിയും എൽഡിഎഫും നിർദേശിച്ചത്. ഇന്നലെ നവകേരള സദസ്സിന്റെ സമാപനമായിരുന്നു. ചരിത്ര മുഹൂർത്തത്തിന്റെ അധ്യക്ഷനാവാനുള്ള അവസരം എനിക്കാണു നൽകിയത്. മുഖ്യമന്ത്രിയെ ഇന്നു രാവിലെ കണ്ടു. രാജി സമർപ്പിച്ചു. തിരുവനന്തപുരം നഗരത്തിന്റെ എംഎൽഎയാണ്. എംഎൽഎയായി നിങ്ങളോടൊപ്പം ഇവിടെയുണ്ടാകും. നിയോജകമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.’’–ആന്റണി രാജു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com