ADVERTISEMENT

ന്യൂഡൽഹി ∙ 200 കോടി‌യുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലായ സുകാഷ് ചന്ദ്രശേഖർ, ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് അയച്ച സന്ദേശങ്ങളുടെ ഉള്ളടക്കം പുറത്ത്. സുകാഷ് തനിക്ക് കത്തുകളോ സന്ദേശങ്ങളോ അയയ്ക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ജാക്വലിൻ ഫെർണാണ്ടസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതിലെ ഉള്ളടക്കം ഒരു ദേശീയമാധ്യമം പുറത്തുവിട്ടത്.

തട്ടിപ്പു കേസിൽ സാക്ഷിയാണ് ജാക്വലിൻ ഫെർണാണ്ടസ്. നടിയെ ഈ കുഴപ്പത്തിൽനിന്നു രക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നത് മുതൽ കറുത്ത വസ്ത്രം ധരിക്കാനുള്ള അഭ്യർഥന വരെ‌യാണ് ജയിലിൽനിന്നു സുകാഷ് അയച്ച വാട്സാപ് സന്ദേശങ്ങളിലുള്ളത്. ജാക്വിലിൻ ഒരു ‘സൂപ്പർ സ്റ്റാർ’ ആകുമെന്നും സുകാഷ് ഉറപ്പുനൽകുന്നുണ്ട്.

താനുമായുള്ള ‘ഡീലിന്റെ’ ഭാഗമായി പ്രമുഖ ചലച്ചിത്ര നിർമാതാവ് ഉടൻ സമീപിക്കുമെന്നും സുകാഷ് നടിയോട് പറഞ്ഞു. മറ്റൊരു സന്ദേശത്തിൽ, ‘കറുത്ത കുർത്ത അല്ലെങ്കിൽ വസ്ത്രം’ ധരിക്കാൻ സുകാഷ് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ എന്റെ എല്ലാ സന്ദേശങ്ങളും നീ കണ്ടിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാകും എന്നാണു പറയുന്നത്. ജാക്വലിൻ തന്നെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സുകാഷ് എഴുതുന്നു. നിന്നെ ഈ കുഴപ്പത്തിൽനിന്ന് കരകയറ്റേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും ‘മധുരം പുരട്ടിയ സംഭാഷണങ്ങൾ’ പറഞ്ഞ് ഉപയോഗിക്കാൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കണമെന്നും സുകാഷ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

തനിക്കെതിരായ കേസും അനുബന്ധ കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാക്വലിൻ ഫെർണാണ്ടസ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സുകാഷ് ചന്ദ്രശേഖറിന്റെ ദുരുദ്ദേശ്യപരമായ നീക്കത്തിന്റെ നിരപരാധിയായ ഇരയാണ് താനെന്ന് നടി കോടതിയിൽ പറഞ്ഞു. എന്നാൽ സുകാഷിൽനിന്നു നടി 7.12 കോടി രൂപയുടെ സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും 1.12 കോടിയുടെ സമ്മാനങ്ങൾ ശ്രീലങ്കയിലുള്ള സഹോദരിക്ക് എത്തിച്ചു കൊടുത്തുവെന്നുമുള്ള ആരോപണങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹർജിയെ എതിർത്തു.

കഴിഞ്ഞ വ്യാഴാഴ്ച ഇ.ഡിക്ക് നോട്ടിസ് അയച്ച കോടതി, ജനുവരി 29ന് കേസിൽ വാദം കേൾക്കാൻ തീരുമാനിച്ചു. സുകാഷ് ആകെ 200 കോടി തട്ടിയതായാണു വിവരം. അന്വേഷണത്തില്‍ ചാഹത്ത് ഖന്ന, നിക്കി തംബോലി, സോഫിയ സിങ്, അരുഷ പാട്ടീൽ എന്നിങ്ങനെ നിരവധി പേരുകളും ഉയർ‌ന്നുവന്നിരുന്നു. ഇവരിൽ ചിലർ സുകാഷിനെ ജയിലിൽവച്ച് കണ്ടെന്നാണു സൂചന. സുകാഷിന്റെ കാമുകിയാണു ജാക്വലിൻ എന്നും തട്ടിച്ച പണംകൊണ്ട് ഇവർക്ക് ആഡംബര വസ്തുക്കൾ സമ്മാനിച്ചുവെന്നുമാണ് ഇ.ഡിയുടെ ആരോപണം.

English Summary:

Conman Texted Many Promises To Jacqueline Fernandez, Made A Dress Request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com