ADVERTISEMENT

കൊച്ചി ∙ കഞ്ചാവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ നാലുപേർ അറസ്റ്റിൽ. ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് കൊച്ചിയിൽ പൊലീസിന്റെ പിടിയിലായത്. പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. മണ്ണാർകാട് സ്വദേശികളായ അനസ്, അബുതാഹിർ, ഹരിപ്പാട് സ്വദേശികളായ അതുൽദേവ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു ഗ്രൂപ്പുകളായെത്തിയ ഇവർ തമ്മിൽ കഴിഞ്ഞ ദിവസം ലഹരി ഇടപാട് നടത്തിയിരുന്നു. മണ്ണാർകാടുള്ള സംഘം ഹരിപ്പാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് കൈമാറി. അതിനു ശേഷം അവർ തിരികെ പോരുകയും ചെയ്തു. പിന്നീട് കഞ്ചാവിന് ഗുണനിലവാരമില്ലെന്നും പണം തിരികെ നല്‍കണമെന്നും ഹരിപ്പാടുള്ളവർ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം ഇവർ കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാർകാടു നിന്നുള്ളവർ കൊണ്ടുപോവുകയും ചെയ്തു. 

എന്നാൽ പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തേത്തുടർന്ന് ആദ്യ സംഘത്തെ രണ്ടാമത്തെ സംഘം കാറിൽ പിന്തുടരുകയായിരുന്നു. ചേസിനൊടുവിൽ കാറുകൾ ഒരു പാർക്കിനുള്ളിലേക്ക് കയറുകയും പിന്നീട് ഇവർ തമ്മിൽ സംഘട്ടനത്തിലേർപ്പെടുകയും ചെയ്തു. ഇതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദ പരിശോധന നടത്തി. ഹരിപ്പാട് സ്വദേശിയിൽനിന്ന് ഒരുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം പ്രതികൾ തുറന്നുപറഞ്ഞത്.

പിന്നാലെ എറണാകുളം സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ, പ്രതികൾ താമസിച്ചിരുന്ന എളമക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കൂടുതൽ ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുമെന്ന വിവരത്തേത്തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.  

English Summary:

Dispute over cannabis quality; 4 members of drug mafia arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com