ADVERTISEMENT

കോഴിക്കോട്∙ ആഘോഷത്തിൽ പങ്കെടുക്കുന്നതും സംസ്‌കാരം പകർത്തിയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. മറ്റു സമുദായങ്ങളുടെ സംസ്‌കാരം ഇങ്ങോട്ട് പകർത്തേണ്ടതില്ല. അതേസമയം, ആഘോഷങ്ങളിൽ സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസ്സം പറഞ്ഞിട്ടില്ലെന്നും കാന്തപുരം അബൂബക്കർ മുസല്യാർ പറഞ്ഞു.

ഇന്ത്യയിൽ സൗഹൃദം വേണമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ സമുദായവും ജീവിക്കുന്ന നാടാണിത്. മമ്പുറം തങ്ങൾ, ഉമർ ഖാസി തുടങ്ങിയവരുടെ കാലത്തുതന്നെ അവരെല്ലാം അന്യമതക്കാരുമായി വളരെ സൗഹൃദത്തിൽ ജീവിച്ചാണു നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. പഴയകാലം മുതൽക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്‌ലാമികമാണെന്നു വരാത്ത വിധത്തിലുള്ളതാണ്. ഇസ്‌ലാമികമായി അംഗീകരിക്കാൻ നിർവാഹമില്ല. എന്നാൽ, ഇസ്‌ലാമികമാണെന്നു വരുത്താത്ത വിധത്തിൽ പണ്ടൊക്കെ ചെയ്ത പോലെ ഇനിയും ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ നൂറാം വാർഷികം സ്വന്തമായി നടത്തുന്നത് സുന്നി ഐക്യത്തിനു തടസമാകില്ലെന്നും കാന്തപുരം പറഞ്ഞു. ഞാൻ സമസ്തയിൽ വന്നിട്ട് അൻപതിലധികം വർഷമായി. അതിനുശേഷം ജോയിന്റ് സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയുമായി. സമസ്തയുടെ അറുപതാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് ഞാനാണ്. അന്നുമുതൽ സമസ്തയിൽ പ്രവർത്തിക്കുന്നുണ്ട്. അതിപ്പോഴും തുടരുകയാണ്.

സമ്മേളനം നടത്തണമെന്ന് ആഗ്രഹമുള്ള ആർക്കും നടത്താം. അതിൽ വാദപ്രദിവാദത്തിനും തർക്കത്തിനുമില്ല. വാദങ്ങൾക്കു പിറകെപോയി ഞങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഐക്യത്തിന് നൂറാം വാർഷികം ഒരിക്കലും തടസ്സമാകില്ല. ഐക്യമുണ്ടായാൽ സ്വാഗതം ചെയ്യുന്നു. അതിനു വേണ്ടി  പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

ശശി തരൂരിന്റെ പലസ്തീൻ പ്രസ്താവനയിൽ അഭിപ്രായം പറയേണ്ടതു താനല്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഒരു വ്യക്തിയുടെ അഭിപ്രായത്തിനു മറുപടി പറയേണ്ടത് ഞാനല്ല, അദ്ദേഹം തന്നെയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിൽ നിലപാട് എന്താണെന്നു കോൺഗ്രസ് തന്നെ പറയട്ടെ. മറുപടി പറയാൻ കോൺഗ്രസ്സിൽത്തന്നെ നല്ല കഴിവുള്ള ആളുകളുണ്ടെന്നും കാന്തപുരം അബൂബക്കർ മുസല്യാർ പറഞ്ഞു. 

സമസ്ത നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം 30ന് കാസർകോട്ട് 

കോഴിക്കോട്∙ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾ 30ന് കാസർക്കോട് ചട്ടഞ്ചാലിൽ പ്രഖ്യാപിക്കുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു.  മാലിക് ഇബ്‌നു ദീനാറിന്റെ പേരിലുള്ള സമ്മേളനവേദിയിൽ തുടക്കം കുറിക്കുന്ന വാർഷികാഘോഷ പരിപാടികൾ മൂന്നു വർഷം നീണ്ടുനിൽക്കും.  

ഉത്തരേന്ത്യയിലൊന്നാകെ സംഘടനകൾ ഉറക്കത്തിലാണെന്നും അവിടങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ചുള്ള പ്രവർത്തനം വേണമെന്നും കാന്തപുരം പറഞ്ഞു. ജനങ്ങളെ തട്ടിയുണർത്താൻ അനിവാര്യമായ പ്രവർത്തനങ്ങളാണ് മൂന്നുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ -തൊഴിൽ -നൈപുണ്യ വികസന മേഖലകളിൽ ഗുണനിലവാരവും സ്വയം പര്യാപ്തയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഊന്നിയുള്ള പദ്ധതികൾക്ക് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കം കുറിക്കും. വിവിധ ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികൾ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും പറഞ്ഞു.

കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ വാർഷികാഘോഷ പ്രഖ്യാപനം നടത്തും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ അധ്യക്ഷനായിരിക്കുമെന്നും സമസ്ത സെക്രട്ടറിമാരായ ഇബ്രാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവർ പറഞ്ഞു.

English Summary:

Kanthapuram A.P.Aboobacker Musliyar about participating in festival of different religions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com