‘എം.വി.ഗോവിന്ദൻ ആരാണെന്നറിയില്ല; വിജേഷ് പിള്ള 30 കോടിയും പാസ്പോർട്ടും വാഗ്ദാനം ചെയ്തു, സംരക്ഷിക്കാൻ പൊലീസ് ശ്രമം’

Mail This Article
കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരാണെന്ന് തനിക്ക് അറിയില്ലെന്നും, അറിയാത്ത ഒരാൾക്കെതിരെ ആരോപണമുന്നയിക്കേണ്ട കാര്യമില്ലെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഫെയ്സ്ബുക് ലൈവിൽ പറഞ്ഞത്. വിജേഷ് പിള്ളയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഗോവിന്ദൻ നൽകിയ അപകീർത്തി കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് സ്വപ്നയുടെ പ്രതികരണം.
‘‘ഇന്നയാൾ പറഞ്ഞുവിട്ടു എന്നു പറഞ്ഞ് ഒരാൾ എന്റെയരികിൽ വരുമ്പോൾ എനിക്ക് മൂന്നാമത്തെയാളെ നേരിട്ട് കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ ഒരു ആരോപണം നടത്തിയിട്ടില്ല. വിജേഷ് പിള്ള എന്നെ സമീപിക്കുകയും ഇവിടെ താമസിക്കുന്നത് അപകടമായതിനാൽ നാടുവിടണമെന്ന് പറയുകയായിരുന്നു. അതിന് 30 കോടിയും പാസ്പോർട്ടും വാഗ്ദാനം ചെയ്തു. എനിക്ക് താൽപര്യമുള്ളിടത്തേക്ക് വിടാമെന്നും ഗോവിന്ദൻ മാഷാണ് പറഞ്ഞയച്ചതെന്നും അയാൾ പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ സുഹൃത്താണെന്നും അയാളാണ് പറഞ്ഞത്.
ഗോവിന്ദൻ മാഷ് ആരാണ്, എവിടെ ജീവിക്കുന്നു എന്നൊന്നും എനിക്കറിയില്ല. അങ്ങനെ ഒരാൾക്കെതിരെ മനഃപൂർവം എന്തെങ്കിലും കെട്ടിച്ചമയ്ക്കേണ്ട കാര്യം എനിക്കില്ല. അറിയാത്ത ഒരാളെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. ആദ്യമായി വിജേഷ് പിള്ളയിൽനിന്നാണ് അങ്ങനെയൊരു പേര് കേൾക്കുന്നത്. രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തതിനാൽ ഞാൻ ഗോവിന്ദനെക്കുറിച്ച് അന്വേഷിച്ചിട്ടുമില്ല. വിജേഷ് പിള്ള 30 കോടി വാഗ്ദാനം ചെയ്തെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതിനാലാണ് ബെംഗളൂരു പൊലീസിന് പരാതി നൽകിയത്.
ഇവിടെ അവർ എന്തിനൊക്കെയോ എന്നെ വിളിച്ചുവരുത്തി. ചോദ്യം ചോദിച്ച രീതിയിൽനിന്ന് വിജേഷ് പിള്ളയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത് എന്നാണ് മനസ്സിലായത്. മുഖ്യമന്ത്രിയോ ഗോവിന്ദനോ അല്ല അപകീർത്തി കേസ് ഫയൽ ചെയ്തത്. എനിക്ക് ഒരു പരിചയവും ബന്ധവുമില്ലാത്ത പാർട്ടിയിലെ ആരോ ഒരാളാണ് പരാതി നൽകിയത്. അവരുടെ ലക്ഷ്യം എന്താണെന്നതിൽ യാതൊരു ധാരണയുമില്ല. പറഞ്ഞ കാര്യങ്ങളിലെല്ലാം ഞാൻ ഉറച്ചുനിൽക്കുന്നു. ഇങ്ങനെ പല കേസുകളിൽ കുടുക്കി എന്നെ തോൽപിക്കാൻ ശ്രമിക്കേണ്ട. അവസാനം വരെയും പോരാട്ടം തുടർന്നുകൊണ്ടിരിക്കും’’ –സ്വപ്ന പറഞ്ഞു.