ADVERTISEMENT

തിരുവനന്തപുരം∙ റോഡ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിന് കെൽട്രോണിന് നൽകാനുള്ള 23 കോടി രൂപ നൽകാതെ സർക്കാർ. പണം ലഭിക്കാതെ വന്നതോടെ വാഹന നിയമലംഘനങ്ങൾക്ക് ചല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ അവതാളത്തിലായി. പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ 34 ലക്ഷം ചല്ലാനുകൾ ജനറേറേറ്റ് ചെയ്തു. 16 ലക്ഷം ചല്ലാൻ തപാൽവഴി അയച്ചു. പണമില്ലാത്തതിനാൽ ബാക്കിയുള്ള അയയ്ക്കാനായില്ല. ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ തീരുമാനമായശേഷം സപ്ലിമെന്ററി കരാർ ഒപ്പിടാമെന്ന സർക്കാർ നിലപാടും കെൽട്രോണിനു തിരിച്ചടിയായി.

ജൂൺ അഞ്ചിനാണ് സംസ്ഥാനത്തൊട്ടാകെ 726 ക്യാമറകൾ സ്ഥാപിച്ചത്. ആദ്യത്തെ മൂന്നു മാസം പദ്ധതി നടത്തിപ്പിനായി കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.75 കോടിരൂപ. ഇതിനിടെ, പദ്ധതിയിൽ അഴിമതി ആരോപിച്ച് ഹൈക്കോടതിയിൽ ഹർജികള്‍ സമർപ്പിക്കപ്പെട്ടു. കരാറുകാർക്ക് പണം കൈമാറുന്നത് തടഞ്ഞ കോടതി, കെൽട്രോണിന് 11.75 കോടിനൽകാൻ അനുവാദം നൽകി. കെൽട്രോൺ പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ പണം അനുവദിച്ചില്ല. അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന അവസ്ഥയിലാണ്.

പദ്ധതി നടത്തിപ്പിനായി കെൽട്രോണിന് ഒരു കോടിയോളം രൂപ പ്രതിമാസം ചെലവാകുന്നുണ്ട്. ഒരു ചല്ലാൻ അയയ്ക്കാൻ 20 രൂപയാണ് ചെലവ്. നവംബർ പകുതിവരെയുള്ള ചല്ലാനുകൾ അയച്ചു കഴിഞ്ഞു. പണമില്ലാത്തിനാൽ ചല്ലാൻ അയയ്ക്കുന്നത് പരമാവധി കുറച്ചിരിക്കുകയാണ്. മുൻപ് 33,000 ചല്ലാനുകൾ അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അയയ്ക്കുന്നത് പതിനായിരത്തിൽ താഴെ മാത്രം. കൺട്രോൾ റൂമിന്റെ വൈദ്യുതി ചാര്‍ജ്, ക്യാമറ കണക്ടിവിറ്റി ചാർജ്, ഇന്റർനെറ്റ് ചാർജ് എന്നിവയെല്ലാം കെൽട്രോണിന്റെ ഫണ്ടിൽനിന്നാണ് കൊടുക്കുന്നത്. 145 കരാർ ജീവനക്കാരുടെ ശമ്പളവും കൊടുക്കണം.

English Summary:

Road Camera: Kerala Governmetnot paying Rs. 23 crore due to Keltron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com