31ന് രാത്രി 8 മുതൽ ജനുവരി 1ന് പുലർച്ചെ 6 വരെ പെട്രോൾ പമ്പുകൾ അടച്ചിടും; പണിമുടക്ക് ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച്
![India Fuel Prices Petrol Pump. File Photo. (AP Photo/Channi Anand)](https://img-mm.manoramaonline.com/content/dam/mm/mo/news/business/images/2023/6/29/Petrol-Pump.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ നാളെ രാത്രി 8 മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ 6 വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂ.
ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് സർക്കാർ നിർദേശം. ഇങ്ങനെ ഇന്ധനം നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിർദേശിച്ചിട്ടുണ്ട്. രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാനെത്തുന്നവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് സംഘടന പറയുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം പെട്രോൾ പമ്പുകളുണ്ട്.
ഡിസംബര്‍ 31ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നു സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവൽസ് ഔട്ട്ലറ്റ് ഉള്ളത്.