കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രിയും ഗവർണറും; സംസ്ഥാനത്തിനുവേണ്ടി എങ്ങനെ പ്രവർത്തിക്കണമെന്ന് ഗവർണറെ ഓർമിപ്പിച്ച് സ്റ്റാലിൻ
Mail This Article
ചെന്നൈ∙ ഗവർണർ എങ്ങനെ സംസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നു രാജ്ഭവനിലെത്തി നേരിട്ട് ഓർമിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിച്ചെങ്കിൽ മാത്രമേ ഗവർണറുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഭരണത്തിനും ഗുണകരമാകൂവെന്നു തമിഴ്നാട് ഗവർണർ ആർ.എൻ.രവിയോട് എം.കെ.സ്റ്റാലിൻ പറഞ്ഞു. സുപ്രീംകോടതിയുടെ വിമർശനം ഉൾക്കൊണ്ട് ഭാവിയിലും ബില്ലുകൾ കാലതാമസമില്ലാതെ അംഗീകരിക്കണമെന്നു സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സർക്കാർ പാസാക്കിയ ബില്ലുകളും വിവിധ ഫയലുകളും അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നതിനെതിരെ തമിഴ്നാട് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ, മുഖ്യമന്ത്രിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും നിർദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഗവർണറുടെ ക്ഷണം സ്വീകരിച്ച് രാജ്‌ഭവനിലെത്തിയാണു സ്റ്റാലിൻ ഗവർണറുടെ കർത്തവ്യങ്ങൾ ഒന്നു കൂടി ഓർമിപ്പിച്ചത്. മുൻ അണ്ണാഡിഎംകെ മന്ത്രിമാർക്കെതിരെയുള്ള അഴിമതിക്കേസുകളിൽ അന്വേഷണം നടത്താനുള്ള അനുമതി അടക്കം വൈകിപ്പിക്കുന്നതു ശരിയല്ലെന്നും ഭരണഘടനയനുസരിച്ച് രൂപീകരിക്കപ്പെട്ട എല്ലാ ഉന്നതാധികാര സമിതികളോടും തനിക്ക് വലിയ ബഹുമാനം ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാന ഭരണകൂടത്തിന്റെയും പൊതുജനങ്ങളുടെയും താൽപര്യം കണക്കിലെടുത്ത് എല്ലാ ബില്ലുകൾക്കും ഫയലുകൾക്കും വേഗത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കത്തും കൈമാറി. മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്കൊപ്പമാണു സ്റ്റാലിൻ രാജ്ഭവനിലെത്തിയത്. സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ഗവർണർ ആദ്യം കൂടിക്കാഴ്ചയ്ക്കു വിളിച്ചപ്പോൾ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തിരക്കിലാണെന്നും കൂടിക്കാഴ്ച പിന്നീടാകാമെന്നും സ്റ്റാലിൻ അറിയിച്ചിരുന്നു.