ADVERTISEMENT

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽവച്ചു ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. മന്ത്രി നടത്തിയ പരാമർശം അനുചിതമെന്നും മന്ത്രിസ്ഥാനത്തിന്റെ ഔന്നത്യത്തിന് അനുസരിച്ചു വേണം അഭിപ്രായപ്രകടനം നടത്താനെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ബിജെപി വിരുന്നിനു വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നായിരുന്നു ഇന്നലെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വിമർശിക്കുമ്പോഴും പ്രതിപക്ഷബഹുമാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്രീയം വേണമോയെന്നതു പങ്കെടുക്കുന്നവരുടെ ഔചിത്യമെന്നും ഫാ.ജേക്കബ് പറഞ്ഞു.

‘‘ഭരണഘടനയെ മാനിക്കാത്തതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആളാണ് സജി ചെറിയാൻ. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംബോധന ചെയ്യുമ്പോൾ ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ള നിഘണ്ടു അവരുടെ കയ്യിലുണ്ട്. ഇത്തരം നിഘണ്ടു ഉപയോഗിക്കുന്ന ഒരു സ്കൂളിൽനിന്നു വരുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൽനിന്നു കൂടുതൽ പ്രതീക്ഷിക്കണ്ട. ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം, ഏതു നിലപാട് സ്വീകരിക്കണം എന്നു മറ്റു രാഷ്ട്രീയ പാർട്ടികൾ അല്ല പറയേണ്ടത്. ഏതെങ്കിലും വിരുന്നിനു പോയെന്നതിന്റെ പേരിൽ ആ രാഷ്ട്രീയ പാർട്ടിയോടാണു ക്രൈസ്തവ സമൂഹത്തിനു ചായ്‍വ് എന്ന് സ്ഥാപിച്ചെടുക്കേണ്ട താൽപ്പര്യം എന്താണ്. ക്രൈസ്തവർ രാജ്യത്തു ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാൻ രാജ്യത്തെ പ്രധാനമന്ത്രി ആദ്യമായിട്ട് വിളിക്കുന്ന വിരുന്നു സത്കാരമാണ്. അതിൽ നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ടതില്ല. അത് രാജ്യത്തോടുള്ള ക്രൈസ്തവരുടെ പ്രതിബദ്ധതയുടെ ഭാഗമാണ്’’–ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. 

സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ ക്രൈസ്തവർക്ക് അത്ര സ്വീകാര്യമല്ലെന്നും പ്രസ്താവനയോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ നീരസമാണു വ്യക്തമാക്കിയതെന്നും ഫാ.ജേക്കബ് പറഞ്ഞു. കെസിബിസിയുടെ ആസ്ഥാന കാര്യാലയത്തിൽ ക്രിസ്മസ് കൂട്ടായ്മ നടത്തി. വിവിധ രാഷ്ട്രീയ നേതാക്കൾ അതിൽ പങ്കെടുത്തു. അതിനെ സഭ്യമല്ലാത്ത രീതിയിൽ കെ.ടി.ജലീൽ വിമർശിച്ചു. അത്തരം പ്രതികരണങ്ങൾ ഭരിക്കുന്ന സംവിധാനത്തിൽനിന്നു വരുന്നത് ശരിയല്ല. ഇടതുമുന്നണി എതിരാണെന്ന് കെസിബിസി കരുതുന്നില്ല. ചില വ്യക്തികൾ സ്ഥാനം മറന്ന് പ്രതികരിക്കുന്നു. അത് മുഴുവൻ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കേണ്ടതില്ലെന്നും ഫാ.ജേക്കബ് പറഞ്ഞു.

 പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെയായിരുന്നു സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. ‘‘ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്കു രോമാഞ്ചമുണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു. മണിപ്പുർ അവർക്കൊരു വിഷയമായില്ല’’–സജി ചെറിയാൻ കുറ്റപ്പെടുത്തി.

English Summary:

KCBC respond to Saji Cherian's statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com