ADVERTISEMENT

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരെ വീണ്ടും കെസിബിസി. സജി ചെറിയാൻ വിവാദ പ്രസ്താവ പൻവലിക്കണമെന്ന് കെസിബിസി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അറിയിച്ചു. അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘‘പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെ കുറിച്ച് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി വളരെ ബഹുമാനമില്ലാത്ത രീതിയിൽ സംസാരിച്ചത് ഉചിതമായില്ല എന്നത് ഏറ്റവും തീവ്രതയോടു കൂടി ഞാൻ സർക്കാരിനെ അറിയിക്കുകയാണ്. അദ്ദേഹം ഈ പ്രസ്താവന പിൻവലിച്ച് അതിനു വിശദീകരണം നൽകുന്നതുവരെ കെസിബിസിയുടെ പൊതുവായ സഹകരണം സർക്കാരിനോട് ഉണ്ടായിരിക്കുന്നതല്ലെന്ന് പരസ്യമായി അറിയിക്കുന്നു. 

മന്ത്രിയുടെ പ്രസ്താവന ഔചിത്യവും ആദരവുമില്ലാത്തത്. രാജ്യത്തിന്റെ ഭരണാധികാരികൾ അത് മുഖ്യമന്ത്രിയാകട്ടെ പ്രധാനമന്ത്രിയാകട്ടെ പ്രസിഡന്റാകട്ടെ ഗവർണറാകട്ടെ, അവർ രാജ്യത്തിന്റെ വിവിധ ആവശ്യങ്ങൾക്കും ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുമായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പലപ്പോഴും വിളിച്ചിട്ടുണ്ട് ഞങ്ങൾ സംബന്ധിച്ചിട്ടുമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഈ യാത്രയിൽ പല സ്ഥലങ്ങളിൽ മതമേലധ്യക്ഷന്മാരെ വിളിച്ചിട്ടുണ്ടായിരുന്നു, അവർ പോയി സംബന്ധിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ചില ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ സംബന്ധിച്ചതിനെ കുറിച്ച് കേരളത്തിന്റെ സാംസ്കാരിക വകുപ്പു മന്ത്രി നിരുത്തരവാദിത്തപരമായ ഒരു പ്രസ്താവന നടത്തിയെന്നത് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു. കെസിബിസിയുടെ അധ്യക്ഷനെന്ന നിലയിൽ അദ്ദേഹം ആ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു.

അത് പിൻവലിക്കുന്നതുവരെ സർക്കാരുമായുള്ള മറ്റു പരിപാടികളിലെ ഗുണപരമായ പൊതുസമീപനത്തിൽ ഞങ്ങൾ വിട്ടുനിൽക്കും. ഏതു സർക്കാരു ഭരിച്ചാലും ഗുണകരമായ പ്രോത്സാഹനം നൽകുന്ന സമീപനമാണ് കേരളത്തിലെ സഭകൾക്കുള്ളത്, പ്രത്യേകിച്ച് കേരള കത്തോലിക്ക സഭയ്ക്കുള്ളത്. അതിൽനിന്നു വ്യത്യസ്തമായി ഇപ്പോൾ ഒരു സാഹചര്യം സാംസ്കാരിക വകുപ്പു തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഈ പ്രസ്താവന എത്രയും വേഗം പിൻവലിക്കണം എന്നതാണ് ആവശ്യം. അദ്ദേഹം പറഞ്ഞത് സർക്കാരിന്റെ നിലപാടാണോ അല്ലയോ എന്നത് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. ഞങ്ങൾ കേട്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ വാക്കാണ്. ’’– കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ  അറിയിച്ചു. 

പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെയായിരുന്നു സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. ‘‘ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്കു രോമാഞ്ചമുണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു. മണിപ്പുർ അവർക്കൊരു വിഷയമായില്ല’’എന്നാണ് സജി ചെറിയാൻ പറഞ്ഞത്. 

English Summary:

KCBC against Saji Cherian's controversial statement about bishops who participated in Narendra Modi's feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com