ADVERTISEMENT

കൊച്ചി∙ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് തീവ്രഹിന്ദുത്വം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ സജി ചെറിയാനെതിരെ പ്രതിഷേധം ഉയരുന്നു സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

700ഓളം ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടായത്. ‌ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാര്‍ഖണ്ഡിലും 47 എണ്ണം ഹരിയാനയിലുമാണ്. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2014 ല്‍ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായി. കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കഴിഞ്ഞ 9 വര്‍ഷം ഈ കണക്കുകള്‍ കുത്തനെ കൂടുകയാണ് ചെയ്തത്. രാജ്യാന്തര ക്രിസ്ത്യന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പതിനൊന്നാമത്തെ രാജ്യമാണ്.  

മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. 200ലേറെപ്പേർ കൊല്ലപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും സംഘർഷം തുടരുകയാണ്. പ്രധാനമന്ത്രി കലാപാബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ല. കേന്ദ്രത്തിന്റെ സംഘപരിവാറിന്റെയും സഹായത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. ഇതിനെതിരെ ഒന്നിച്ചു പ്രതികരിക്കണമെന്നാണ് ഞാൻ പറഞ്ഞത് – സജി ചെറിയാൻ പറഞ്ഞു.

എന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നു. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല ഞാൻ ഉന്നയിച്ചത്. മണിപ്പുർ പ്രശ്നത്തിൽ എന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് എന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്പ്പെട്ട് പോകാൻ സാധിക്കില്ല. 

മണിപ്പുരിൽ ഇത്രയും ആളുകൾ കൊല്ലപ്പെട്ടിട്ടും ആളുകൾ പലായനം ചെയ്തിട്ടും ഇവിടുത്തെ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ. നിരന്തരം ആരാധനാലയങ്ങൾക്കെതിരെ ആക്രമണം നടക്കുന്നു. എന്നാൽ ഇത് കേരളത്തിലുണ്ടാകുന്നുണ്ടോ. ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവും സഹകരണത്തോടെയാണ് പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നത് നാളെ കേരളത്തിൽ സംഭവിക്കുമോ എന്ന് ആശങ്ക പലർക്കുമുണ്ട്. ഞാൻ പറഞ്ഞത് കേരളത്തിന്റെയും രാജ്യത്തിന്റെയും കാര്യമാണ്.

കേന്ദ്രമന്ത്രി നിരന്തരം പ്രസ്താവന നടത്തുന്നു. ഇവിടെ മുസ്‌ലിമിനെ അകറ്റി ക്രിസ്ത്യാനികളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ക്രിസ്ത്യാനികളുടെ വീടുകൾ കയറി നുണപ്രചാരണം നടത്തുകയാണ്. ക്ലിമീസ് തിരുമേനി വളരെ പ്രിയപ്പെട്ടയാളാണ്. വേദനിപ്പിച്ച ഭാഗം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞതു പ്രകാരം വീഞ്ഞും കേക്കും പരമാർശം പിൻവലിക്കുന്നു. എന്നാൽ രണ്ടാമത്ത ഭാഗമായ മണിപ്പുർ വിഷയത്തിൽ ഉറച്ചുനിൽക്കുന്നു. ക്രിസ്മസിന് പ്രധാനമന്ത്രി നടത്തിയ പരിപാടിയിൽ മണിപ്പുർ വിഷയം ഉന്നയിക്കാൻ നല്ല അവസരമായിരുന്നു. അത് ചെയ്തില്ല എന്നാണ് ഞാൻ പറഞ്ഞത്. അന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ അതിന് വലിയ പ്രാധാന്യം കിട്ടിയേനെ. പക്ഷെ അത് ചെയ്തില്ല. ചില മാധ്യമങ്ങൾ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

English Summary:

Minister Saji Cherian reply on Church controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com