ADVERTISEMENT

അഹമ്മദാബാദ്∙ 80 ലക്ഷം രൂപ വരെ മുടക്കി യുഎസിലേക്ക് അനധികൃതമായി കുടിയേറാനൊരുങ്ങിയവരുമായി പോയെന്നു സംശയിച്ച് പാരിസിൽ നിലത്തിറക്കിയ ശേഷം ദിവസങ്ങൾക്കുശേഷം ഇന്ത്യയിൽ എത്തിച്ച വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ പുറത്തുവന്നു. ഗുജറാത്തിൽനിന്നുള്ള 66 പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് സിഐഡി വിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. ഇവരെല്ലാം ഇപ്പോൾ സ്വന്തം നാട്ടിൽ തിരികെയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ 66 പേരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. മെഹ്സാന, അഹമ്മദാബാദ്, ഗാന്ധിനഗർ, ആനന്ദ് ജില്ലകളിൽനിന്നുള്ളവരാണ് മിക്കവരും. ‘‘ഇതിൽ 55 പേരെയും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. മിക്കവർക്കും 8–12 –ാം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. യുഎസിലേക്കു കടന്നാൽ 60–80 ലക്ഷം വരെ പണം നൽകാമെന്ന് കടത്തുകാർക്ക് ഉറപ്പു നൽകിയെന്നാണ് ഇവർ മൊഴി നൽകിയത്. ദുബായ് വഴി നിക്കരാഗ്വയിലെത്തി അവിടുന്ന് അനധികൃതമായി യുഎസിലേക്ക് കടത്തിവിടാമെന്നായിരുന്നു ഇവർക്കു ലഭിച്ച വാഗ്ദാനം’’ – സിഐഡി (ക്രൈം ആൻഡ് റെയിൽവേസ്) എസ്പി സഞ്ജയ് ഖരാട്ട് പറ‍ഞ്ഞു. 

മൊഴിയനുസരിച്ച് 15ൽ പരം ഏജന്റുമാരെ കണ്ടെത്താനായെന്ന് സിഐഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘യുഎസിലെത്തിയശേഷം മാത്രം പണം നൽകിയാൽ മതിയെന്നാണ് ഈ ഏജന്റുമാർ ഇവരോടു പറഞ്ഞത്. നിക്കരാഗ്വയിൽനിന്ന് യുഎസ് അതിർത്തിവരെ ഇവരുടെ ഏജന്റുമാർ എത്തിക്കും. അതിർത്തി കടക്കാൻ സഹായിക്കുകയും ചെയ്യും. ഈ ആളുകളുടെ യാത്രയ്ക്കാവശ്യമായ വിമാന ടിക്കറ്റും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ടി വന്നാൽ 1,000 മുതൽ 3,000 യുഎസ് ഡോളർ വരെയുള്ള തുകയും ഇവർ യാത്രക്കാർക്ക് കൈമാറിയിരുന്നു’’ – ഖരാട്ട് കൂട്ടിച്ചേർത്തു. 

ഗുജറാത്തിൽനിന്നുള്ളവരുമായി നിക്കരാഗ്വയിലേക്കു പോയ എയർബസ് എ340 വിമാനമാണ് മനുഷ്യക്കടത്ത് സംശയിച്ച് ഡിസംബർ 21 മുതൽ നാലു ദിവസം ഫ്രാൻസിൽ പിടിച്ചുവച്ചത്. വിമാനത്തിലുള്ള 303 യാത്രക്കാരിൽ 260 പേര്‍ ഇന്ത്യക്കാരായിരുന്നു. ഡിസംബർ 26ന് പുലർച്ചെ വിമാനം മുംബൈയിൽ എത്തിക്കുകയും ചെയ്തു. 

ഗുജറാത്തിൽനിന്നുള്ള ഈ 66 പേരും അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നായി ഡിസംബർ 10–20നും ഇടയിലായി ദുബായിൽ എത്തിയിരുന്നു. ഡിസംബർ 21ന് ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് നിക്കരാഗ്വ വഴി പോകുന്ന ചാർട്ടേഡ് വിമാനത്തിൽ ഇവർ കയറി. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റേതാണ് ഈ വിമാനം. ദുബായിൽനിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക കാരണങ്ങളാൽ ഫ്രാൻസിലെ പാരിസിലുള്ള വത്രിയിൽ ഡിസംബർ 21ന് ഇറക്കുകയായിരുന്നു. അവിടെവച്ച് ഫ്രഞ്ച് പൊലീസ് ഇടപെടുകയായിരുന്നു. 

2023ൽ മാത്രം 96,917 ഇന്ത്യക്കാരാണ് യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമം നടത്തിയത്. മുൻ വർഷത്തേതിനേക്കാൾ 51.61% പേർ കൂടുതൽ ആണ് 2023ലേതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ (സിബിപി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 41,770 പേർ മെക്സിക്കൻ അതിർത്തി വഴിയാണ് യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്.

English Summary:

Nicaragua flight: ‘Passengers from Gujarat agreed to pay Rs 60-80 lakh to agents to enter US illegally’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com