ADVERTISEMENT

തിരുവനന്തപുരം ∙ യുഎഇ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മൂന്നാറിലോ വാഗമണ്ണിലോ ടൂറിസം ടൗൺഷിപ് നടപ്പാക്കാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി സംസ്ഥാന സർക്കാർ തേടും. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ടുള്ള പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതി അനിവാര്യമാണ്. ഇതു കണക്കിലെടുത്താണ് കേന്ദ്രാനുമതി തേടുക. പദ്ധതി ഇപ്പോൾ പ്രാരംഭ ദിശയിലാണ്. യുഎഇ സർക്കാർ മുന്നോട്ടുവച്ച പദ്ധതി ടൂറിസം, റവന്യു വകുപ്പുകളുടെ പരിഗണനയിലാണ്. പരിസ്ഥിതിലോല പ്രദേശമായതിനാൽ മൂന്നാറിലും വാഗമണ്ണിലും പദ്ധതി നടപ്പാക്കുന്നതിനോട് വലിയ എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് റവന്യു വകുപ്പ് താഴേത്തട്ടിലേക്കു നൽകിയിരിക്കുന്ന നിർദേശം.

മുഖ്യമന്ത്രിയുമായി യുഎഇ അംബാസഡർ  നടത്തിയ കൂടിക്കാഴ്ചയിലാണു നിർദേശം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി ഇൗ നിർദേശം ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. യുഎഇ സർക്കാർ പദ്ധതിയോടു താൽപര്യം കാട്ടിയിട്ടുണ്ടെങ്കിലും നിക്ഷേപിക്കുന്നത് സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ആകാൻ സാധ്യതയുണ്ട്. നിക്ഷേപം ഏതു തരത്തിലായിരിക്കുമെന്നതു സംബന്ധിച്ച് ഇതുവരെ സർക്കാരിനു വ്യക്തത വന്നിട്ടില്ല. നിക്ഷേപത്തിന്റെ സ്വാഭാവം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യുഎഇ സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടും.

അതേസമയം, പദ്ധതിക്കു പിന്നിൽ ബെനാമി ഇടപാടാണെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ‌ ഉയർന്നിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന തരത്തിലാണ് ടൗൺഷിപ് നടപ്പാക്കാൻ ആലോചിക്കുന്നതെങ്കിലും ഒട്ടേറെ പരിസ്ഥിതി ഇളവുകൾ സർക്കാർ ചെയ്തുകൊടുക്കേണ്ടി വരും. മുൻപ് യുഎഇ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയെന്ന പേരിൽ‌ കേരളത്തിൽ നടപ്പാക്കിയ പദ്ധതികൾ കമ്പനികളുടെയും വ്യക്തികളുടെയും ഫണ്ടിങ്ങാണെന്നു വൈകിയാണു ബോധ്യപ്പെട്ടത്.

English Summary:

State government to seek Centre's approval for a plan to implement tourism township in Munnar or Vagamon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com