ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാറിൽ നടത്തിയ ജാതി സർവേയിലെ സമ്പൂർണ ഡേറ്റ പരസ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദ്യമുന്നയിച്ചു. വിശദമായ വിവരങ്ങൾ പരസ്യപ്പെടുത്താത്തതിൽ ആശങ്കയുണ്ടെന്നും ഇതു കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെ‍ഞ്ച് ചൂണ്ടിക്കാട്ടി. സർവേയിലെ ഏതെങ്കിലും പ്രത്യേക കണ്ടെത്തലാണ് ഒരാൾക്കു ചോദ്യം ചെയ്യേണ്ടതെങ്കിലും ഇതിന് പൂർണ ഡേറ്റ ലഭ്യമായിരിക്കണമെന്നു കോടതി നിരീക്ഷിച്ചു.

സർവേയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുന്നതു തടയണമെന്ന ആവശ്യം ഇന്നലെ ഹർജിക്കാർ ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് നേരത്തേ തന്നെ കോടതി വ്യക്തമാക്കിയതാണെന്നു പറഞ്ഞ് കോടതി, ഹർജി 29നു പരിഗണിക്കാനായി മാറ്റി. ഫലത്തിൽ, സർവേ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബിഹാർ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തടസ്സമില്ല.

ബിഹാറിൽ നടന്ന ജാതി സർവേയുടെ പരിഭാഷ കോടതിയിൽ ഹാജരാക്കാൻ തയാറാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. സർവേയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനുള്ള ശ്രമമുണ്ടെന്നും ഇതു പട്ന ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ഹർജിയിൽ തീർപ്പാകുന്നതു വരെ തുടർനടപടിയുണ്ടാകില്ലെന്ന് നേരത്തേ പറഞ്ഞതെങ്കിലും ഇവ നടപ്പാക്കാൻ തുടങ്ങിയെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. സംവരണം 50ൽ നിന്ന് 70% ആക്കിയെന്നും ഹർജിക്കാർക്കു വേണ്ടി അഭിഭാഷകനായ രാജു രാമചന്ദ്രൻ പറഞ്ഞു.

സർവേ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നു സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും പൂർണമായും നൽകാത്തതാണ് പ്രശ്നമെന്ന് കോടതി പ്രതികരിച്ചു. ഏതറ്റംവരെ വിവരങ്ങൾ സർക്കാരിനു തടഞ്ഞുവയ്ക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. സർവേ നടത്തുന്നതു നേരത്തേ ബിഹാർ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ ഏക് സോച് ഏക് പ്രയാസ്, യൂത്ത് ഫോർ ഇക്വാലിറ്റി എന്നീ സംഘടനകളും ഒരു വ്യക്തിയും നൽകിയ പ്രത്യേകാനുമതി ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. ബിഹാർ സർക്കാർ പ്രസിദ്ധീകരിച്ച ജാതി സർവേ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത് 63.13% പിന്നാക്കക്കാരുണ്ട്.

English Summary:

Supreme Court on Bihar Caste Census

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com