ADVERTISEMENT

ന്യൂഡൽഹി∙ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ‘സത്യം വിജയിച്ചു’ എന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. ‘‘സത്യം ജയിച്ചു. സത്യമേവ ജയതേ. ഞങ്ങൾക്കൊപ്പം നിന്നവരോട് നന്ദി. ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ ഞങ്ങളുടെ എളിയ സംഭാവന തുടരും. ജയ് ഹിന്ദ്’’ –  അദ്ദേഹം കുറിച്ചു. അതേസമയം, സുപ്രീം കോടതി വിധിക്കു പിന്നാലെ, ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസിന് 4 ശതമാനത്തിലേറെ നേട്ടമുണ്ടായി. 

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ലെന്ന് അറിയിച്ച കോടതി, സെബിയുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുമെന്ന് വ്യക്തമാക്കിരുന്നു. സെബിയുടെ അധികാരത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് അറിയിച്ച കോടതി, 22 വിഷയങ്ങളിൽ 20 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കിയെന്നും സോളിസിറ്റർ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റു രണ്ട് കേസുകളുടെ അന്വേഷണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സെബിയോട് നിർദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കി. അന്വേഷണം സെബിയിൽ നിന്ന് പ്രത്യേക അന്വേഷണ സമിതിയിലേക്ക് മാറ്റുന്നതിൽ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

ഹർജിയിൽ വിധി പറയുന്നതിനിടെ, മാധ്യമവാർത്തകളെ ആശ്രയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മതിയായ ഗവേഷണമില്ലാത്തതും അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളെ ആശ്രയിക്കുന്നതുമായ ഹർജികൾ അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ച് അനാമിക ജയ്സ്വാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നു വിധി പറയാൻ മാറ്റിയിരുന്നു.

English Summary:

"Truth Has Prevailed": Gautam Adani On Top Court Verdict In Hindenburg Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com