ADVERTISEMENT

പിറവം ∙ സിഎ വിദ്യാർഥിനി എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും പ്രതികൾക്ക് തക്ക ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നൽകി മിഷേലിന്റെ മാതാപിതാക്കൾ. ഈ മാസം ഒന്നിന് പിറവം മ‍ണ്ഡലത്തിൽ നടന്ന നവകേരള സദസ്സിലാണ് പരാതി നൽകിയത്. മകളുടെ മരണം ആത്മഹത്യയാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

2017 മാർച്ച് ആറിനാണ് കൊച്ചിക്കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പൊലീസ് ആദ്യ‌ം മുതൽ ആത്മഹത്യയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അന്വേഷണത്തിൽ കുടുംബാംഗങ്ങളും കർമസമിതിയും പരാതി ഉന്നയിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. എന്നാൽ മകളുടെ മരണം ആത്മഹത്യയാണെന്നു പറയുന്നതല്ലാതെ അന്വേഷണ റിപ്പോർട്ടോ ആവശ്യപ്പെട്ട കാര്യങ്ങൾക്കു മറുപടിയോ നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. 

മിഷേൽ ഷാജി
മിഷേൽ ഷാജി

നീതി ചോദിച്ചു വാങ്ങേണ്ടത് നമ്മുടെ ആവശ്യമായതു കൊണ്ടും എന്നെങ്കിലും നീതി നടപ്പാകും എന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ് വീണ്ടും പരാതി നൽകിയതെന്ന് മിഷേലിന്റെ പിതാവ് ഷാജി ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു. ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉള്ളതുകൊണ്ടാണ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നത്. ആദ്യ ദിവസം മുതൽ പൊലീസിനു കൃത്യമായ നിർദേശം ഉന്നതങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവർ ഒതുക്കിവച്ച കേസിൽ അവരിൽനിന്നു തന്നെ നീതി ലഭിക്കുമെന്നത് ഒരു വിശ്വാസം മാത്രമാണെന്നും ഷാജി പറഞ്ഞു.

∙ നടന്റെ മകൻ ഉൾപ്പെട്ടിട്ടുണ്ട്

മിഷേലിനെ കാണാതായ മാർച്ച് അഞ്ചിനു രാത്രി എറണാകുളത്തെ വനിതാ പൊലീസ് സ്റ്റേഷൻ, കസബ പൊലീസ് സ്റ്റേഷൻ, സെൻട്രൻ പൊലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഷാജി പറയുന്നു. മകളുടെ മൊബൈൽ ഫോണിന്റെ  ടവർ ലൊക്കേഷൻ നോക്കി എവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിക്കണമെന്ന് കേണപേക്ഷിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥർ അനങ്ങിയില്ല. കേസ് തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞാണ് വനിതാ പൊലീസ് സ്റ്റേഷൻകാർ ഒഴിവാക്കിയത്.

കസബ പൊലീസുകാർ പരാതി മുഴുവൻ കേട്ടശേഷം അരമണിക്കൂർ കഴിഞ്ഞാണ് അന്വേഷിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചത്. ഒടുവിൽ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, രാവിലെ അന്വേഷിക്കാം എന്നായിരുന്നു മറുപടി. മിഷേൽ കലൂര്‍ പള്ളിയില്‍ പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി പരിശോധിക്കാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഒറ്റയ്ക്കു പോയി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ഷാജി പറഞ്ഞു. ഒടുവിൽ രാത്രി ഞങ്ങൾ തന്നെയാണ് പള്ളിയിൽ പോയി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. മിഷേൽ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. അപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടുമണി.കഴിഞ്ഞു. 

രാത്രി പത്തു മണിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും പിറ്റേ ദിവസത്തെ തീയതി ഇട്ടെങ്കിൽ മാത്രമേ പരാതി സ്വീകരിക്കൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. 5–ാം തീയതി എന്നുള്ളത് വെട്ടി 6–ാം തീയതി ആക്കിയ ശേഷമാണ് പൊലീസുകാർ പരാതി സ്വീകരിച്ചത്. ആദ്യം മുതൽ തന്നെ കേസിൽ ഉന്നത ഇടപെടലുണ്ടായിരുന്നു. അല്ലാതെ പൊലീസുകാർ ഇത്ര ധൈര്യത്തോടെ ഇങ്ങനെ ചെയ്യില്ല. ഒരു നടന്റെ മകന് ഉൾപ്പെടെ കേസിൽ പങ്കുണ്ടെന്നും ഷാജി ആരോപിക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടാണ് പൊലീസ് നിഷ്ക്രിയരായതെന്നാണ് ഷാജിയുടെ ആരോപണം.

മിഷേൽ ഷാജി
മിഷേൽ ഷാജി

∙ ഡോ. ബി. ഉമാദത്തന്റെ കണ്ടെത്തലുകൾ 

മിഷേലിന്റെ മരണം ആത്മഹത്യയാണെങ്കിൽ അതിന്റെ തെളിവുകൾ നിരത്തി തങ്ങളെ ബോധ്യപ്പെടുത്താൻ പൊലീസ് എന്തിനാണ് മടിക്കുന്നതെന്ന് ഷാജി ചോദിക്കുന്നു. ഒരുപാട് ബഹളം വച്ചിട്ടാണ് പത്തു പതിനഞ്ചു ദിവസത്തിനു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ  ലഭിച്ചത്. ഒന്നാം ഗോശ്രീ പാലത്തിൽനിന്നാണ് മിഷേൽ ചാടിയതെന്ന കഥയാണ് പൊലീസ് ആദ്യ പറഞ്ഞത്. എന്നാൽ ഒരാൾപൊക്കത്തിൽ പോലും വെള്ളമില്ലാത്ത സ്ഥലത്തു വീണാൽ എങ്ങനെ മരിക്കുമെന്നു ചോദിച്ചപ്പോൾ കഥ മാറ്റി.

വെള്ളത്തിൽ മുങ്ങി മരിച്ചതിന്റെ യാതൊരു ലക്ഷണവും മിഷേലിന്റെ മൃതദേഹത്തിനുണ്ടായിരുന്നില്ലെന്ന് ഷാജി പറഞ്ഞു. മരിച്ചതിനു ശേഷം ഒന്നര മണിക്കൂർ വെള്ളത്തിലിട്ടാൽ മുങ്ങി മരിച്ചതിന്റെ ലക്ഷണങ്ങൾ കാണില്ല. മരണത്തിനു മുൻപ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഫൊറൻസിക്‌ സർജനായിരുന്ന അന്തരിച്ച ഡോ. ബി.ഉമാദത്തനെ നേരിൽ കണ്ട് ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ പോയാണ് കണ്ടത്.

കൈമുട്ടിലുള്ള വിരൽപാടുകൾ ഒരാൾ പിന്നിൽനിന്നു പിടിച്ചപ്പോഴുണ്ടായതാണെന്നും ജീവനുള്ളപ്പോൾ സംഭവിച്ചതാണെന്നും ഉമാദത്തൻ പറഞ്ഞിരുന്നു. ചുണ്ടിലെ മുറിപ്പാടും കാതിൽനിന്നു കമ്മൽ വലിച്ചുപറിക്കാൻ ഉണ്ടായ ശ്രമങ്ങളും ജീവനുള്ളപ്പോൾ സംഭവിച്ചതാണെന്നും ഉമാദത്തൻ കൃത്യമായി പറഞ്ഞെന്ന് ഷാജി വ്യക്തമാക്കി. എന്നാൽ ഇതൊന്നും സമ്മതിക്കാൻ പൊലീസ് തയാറാകുന്നില്ല. ഓരോ തെളിവും ഞങ്ങൾ ശേഖരിക്കുമ്പോൾ അതു പൊളിക്കാനുള്ള തെളിവുണ്ടാക്കാനാണ് പൊലീസിനു വ്യഗ്രതയെന്ന് ഷാജി ആരോപിച്ചു. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉൾപ്പെടെ എന്നോട് പറഞ്ഞത്. നീതി ഒരിക്കൽ നടപ്പാകും എന്നു തന്നെയാണ് പ്രതീക്ഷയെന്നും ഷാജി പറയുന്നു. 

English Summary:

Mishel Shaji's Father About Mysteries Behind Her Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com