ADVERTISEMENT

ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുനേർക്കും ഭീഷണിയുണ്ടായിരുന്നു. ഗോണ്ടയിൽനിന്നുള്ള തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐ ബന്ധമുള്ള സുബൈര്‍ ഖാന്‍ എന്നയാളുടെ പേരിലാണ് ഇ-മെയില്‍ ഭീഷണിസന്ദേശം ലഭിച്ചതെന്നു പൊലീസ് പറയുന്നു.

മുഖ്യമന്ത്രി  ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ് ,അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കുനേരെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ്പ്രതികൾ ഭീഷണി മുഴക്കിയത്. @iDevendraOffice എന്ന എക്സ് ഹാൻഡിലിൽനിന്നാണ് പോസ്റ്റ് വന്നത്. ഭീഷണി സന്ദേശം അയയ്ക്കാനായി ‘alamansarikhan608@gmail.com’, ‘zubairkhanisi199@gmail.com’ എന്നീ ഇമെയിൽ ഐഡികളാണ് ഉപയോഗിച്ചതെന്ന് എസ്ടിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫോണുകൾ കണ്ടെടുത്തു.

ഭാരതീയ കിസാൻ മഞ്ച്, ഭാരതീയ ഗൗ സേവ പരിഷദ് എന്നീ സന്നദ്ധ സംഘടനകളുടെ നടത്തിപ്പുകാരൻ ദേവേന്ദ്ര തിവാരിയുടെ നിർദേശാനുസരണമാണ് പ്രവർത്തിച്ചതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതായിരുന്നു തഹർ സിങ്ങിന്റെ ഉത്തരവാദിത്തം. ദേവേന്ദ്ര തിവാരിയുടെ കോളജ് ആയ ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസിൽ ഒപ്ടോമെട്രിയിൽ ഡിപ്ലോമ പഠിക്കുന്നയാളാണ് ഓം പ്രകാശ് മിശ്ര.

വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കാൻ ആവശ്യപ്പെട്ടും ഭീഷണി സന്ദേശം അയയ്ക്കാൻ നിർദേശിച്ചതും തിവാരിയാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. സന്ദേശം അയച്ചതിനുപിന്നാലെ ഇവരുടെ മൊബൈല്‍ ഫോണുകൾ തിവാരിയുടെ നിർദേശാനുസരണം നശിപ്പിച്ചുവെന്നും കോളജിന്റെ ഓഫിസിലെ വൈഫൈ ആണ് ഉപയോഗിച്ചതെന്നും ഇവർ പറയുന്നു.

English Summary:

2 arrested for sending bomb threats Yogi Adityanath, Ayodhya Ram temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com