ഇന്ത്യയിലേക്കില്ല: കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലേക്ക്
Mail This Article
ബെയ്ജിങ്∙ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ജനുവരി 8 മുതല്‍ 12 വരെ ചൈന സന്ദര്‍ശിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാര്‍ അധികാരമേറ്റാല്‍ ആദ്യം സന്ദര്‍ശിക്കുന്നത് ഇന്ത്യയാണ്.
എന്നാല്‍ കഴിഞ്ഞ നവംബര്‍ 17നു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്വഴക്കം തെറ്റിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുര്‍ക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ യുഎഇയിലേക്ക്. ഇവിടെവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.
മൂന്നാമതായി ഇന്ത്യയിലേക്ക് എത്തും എന്നു കരുതിയിരുന്നെങ്കിലും മുയിസു ചൈനയിലേക്കു പോകാനാണു തീരുമാനിച്ചിരിക്കുന്നത്. അതേസമയം എവിടേക്കു പോകണമെന്നു തീരുമാനിക്കേണ്ടതും ഏതു തരത്തിലുള്ള രാജ്യാന്തരബന്ധം വേണമെന്ന് നിശ്ചയിക്കേണ്ടതും മാലദ്വീപാണെന്ന് ഇന്ത്യ പ്രതികരിച്ചു. മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെ മാലദ്വീപ് ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാജ്യാന്തര നാണയ നിധിയുടെ റിപ്പോര്‍ട്ട് പ്രകാരം മാലദ്വീപിന് ചൈന 1.3 ബില്യണ്‍ ഡോളര്‍ കടമായി നല്‍കിയിട്ടുണ്ട്.