ADVERTISEMENT

തിരുവനന്തപുരം ∙ 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സന്തോഷ വാർത്ത എക്സ്‌ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതിനുള്ള അവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്നു വൈകിട്ടു നാലോടെ വിജകരമായി പൂർത്തിയായി.

ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയാണ് ഐഎസ്ആർഒ. അഞ്ചു വർഷം ഇവിടെ തുടർന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ആദിത്യ എൽ1ന്റെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങിയെന്നും ലഭിക്കുന്ന വിവരങ്ങൾ കൃത്യമെന്ന് ഉറപ്പിക്കാൻ ചില നടപടികൾ കൂടി ബാക്കിയുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. 

‘‘ഇന്ത്യ ഇതാ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ പേടകം ആദിത്യ എൽ1 ലക്ഷ്യത്തിലെത്തി. ഏറ്റവും സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞർ പ്രകടമാക്കുന്ന അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ രാജ്യത്തിനൊപ്പം ഞാനും അഭിനന്ദിക്കുന്നു. മനുഷ്യരാശിക്കു പ്രയോജനപ്പെടും വിധം ശാസ്ത്രത്തിന്റെ പുതിയ അതിർത്തികൾ തേടിയുള്ള യാത്ര നാം നിർബാധം തുടരും’ – പ്രധാനമന്ത്രി കുറിച്ചു.

അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്. സൂര്യനും ഭൂമിക്കും ഇടയിൽ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എൽ1 ബിന്ദുവിലെ പ്രത്യേക സാങ്കൽപിക ഭ്രമണപഥത്തിൽ എത്തിയതോടെ, ഇനി അധികം ഇന്ധനം ഉപയോഗിക്കാതെ ദീർഘകാലത്തേക്കു പേടകത്തെ അവിടെ നിലനിർത്താം. സൂര്യനെ കൂടുതൽ അടുത്തുനിന്നു നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബർ 2നു ശ്രീഹരിക്കോട്ടയിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.

ആദിത്യ എത്തുന്ന എൽ1 ബിന്ദുവിൽനിന്നു സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ആണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.

എൽ1 ബിന്ദുവിൽ എന്തിന്?

∙ എൽ1 ബിന്ദുവിൽ എത്തുന്ന പേടകത്തിനു മറ്റു തടസ്സങ്ങളില്ലാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാം. എൽ1 ബിന്ദുവിലെത്താൻ ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനമാണ് ആദിത്യ എൽ1 സഞ്ചരിച്ചത്.

∙ 5 വർഷമാണ് പേടകത്തിന്റെ പ്രതീക്ഷിത ആയുസ്സ്. അതിൽ കൂടുതൽ കാലം അവിടെ നിലനിർത്താനാകുമെന്ന് ഐഎസ്ആർഒ കരുതുന്നു.

∙ ആദിത്യയിലുള്ളത് 7 പഠനോപകരണങ്ങൾ. നാലെണ്ണം (പേലോഡ്) സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ (പുറംപാളി) എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളെപ്പറ്റി പഠിക്കും. മറ്റുള്ളവ എൽ1 പോയിന്റിൽ നിന്നുള്ള വിവിധതരം കണികകളും തരംഗങ്ങളും പഠിക്കും.

English Summary:

ISRO's first Sun mission Aditya L1 - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com