ADVERTISEMENT

ന്യൂഡൽഹി∙ പ്രിയാ വർഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായല്ലെന്നു കണ്ണൂര്‍ സർവകലാശാല സുപ്രീംകോടതിയിൽ. യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യുജിസി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ സർവകലാശാല റജിസ്ട്രാർ വ്യക്തമാക്കി. പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ വന്ന ഹർജികളിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണു സർവകലാശാല ഇതുസംബന്ധിച്ചു വ്യക്തത വരുത്തിയത്.  കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കണ്ണൂർ സർവകലാശാല ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ഗവേഷണം ചെയ്ത കാലം, ഡപ്യൂട്ടേഷനിൽ സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറും എൻഎസ്എസ് കോ ഓർഡിനേറ്ററും ആയിരുന്ന കാലം, കണ്ണൂർ സർവകലാശാലയിലെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർ ആയിരുന്ന, നെറ്റ് യോഗ്യത നേടിയതിനു ശേഷമുള്ള 2002 ജൂൺ 5 – 2003 ഫെബ്രുവരി 28 കാലം എന്നിവ അധ്യാപനമായി പരിഗണിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.

English Summary:

Kannur University says Priya Varghese appointment was not against UGC rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com