ADVERTISEMENT

മാലെ/ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി മാലദ്വീപ് സർക്കാർ. വിദേശ നേതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണെന്നും സർക്കാരിന്റെ നിലപാടല്ലന്നും മാലദ്വീപ് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരാണ് മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ രംഗത്തെത്തിയത്. സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ അതൃപ്തി അറിയിച്ചിരുന്നു.

‘‘ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു. അതു വിദ്വേഷം പ്രചരിപ്പിക്കാത്ത രീതിയിലും മാലദ്വീപും അതിന്റെ രാജ്യാന്തര പങ്കാളികളും തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്താത്ത രീതിയിലും ആകണം.’’– സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും സർക്കാർ അറിയിച്ചു.

‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം ട്വിറ്ററിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. വിവാദമായതിനു പിന്നാലെ മന്ത്രി പോസ്റ്റ് നീക്കി. നരേന്ദ്ര മോദിയുടെ സന്ദർശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് ബീച്ച് ടൂറിസത്തിൽ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നു എന്നുമായിരുന്നു മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനത്തിനിടെ സ്നോർകെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേത് മാസ്മരിക ഭംഗിയാണെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിക്കുകയും ചെയ്തിരുന്നു. സഞ്ചാരികൾ തങ്ങളുടെ പട്ടികയിൽ ലക്ഷദ്വീപിനെക്കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. മോദിയുടെ സന്ദർശനം മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മാജിദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്.

വിവാദം ചൂടുപിടിച്ചതോടെ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരെയും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രംഗത്തെത്തി. ബോളിവുഡ് താരം അക്ഷയ് കുമാർ മാലദ്വീപ് മന്ത്രിയുടെ പ്രസ്താവനയിൽ അമ്പരപ്പ് രേഖപ്പെടുത്തിയപ്പോൾ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ ലക്ഷദ്വീപിനെ മനോഹാരിതയെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

English Summary:

After Maldives Minister's Comment On PM Modi, Island Nation's Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com