ADVERTISEMENT

നിറഗര്‍ഭിണിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് ഗുജറാത്തില്‍ വച്ച്, പ്രതികള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചത് മഹാരാഷ്ട്രയിലെ കോടതി, അതേ കേസിലെ എല്ലാ പ്രതികളെയും വെറുതേവിട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയപ്പോള്‍ വന്‍പ്രതിഷേധമാണ് രാജ്യമാകെ ഉയര്‍ന്നത്. എന്നാല്‍ നീതി തേടി പരമോന്നത കോടതിയിലെത്തിയ ബിൽക്കീസ് ബാനോയെ ചേര്‍ത്തുനിര്‍ത്തുന്ന വിധിയാണ് സുപ്രീം കോടതിയില്‍നിന്ന് ഇന്നുണ്ടായിരിക്കുന്നത്. സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും അതിജീവിതയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇളവ് നല്‍കണമെങ്കില്‍ അതിനുള്ള അവകാശം മഹാരാഷ്ട്ര സര്‍ക്കാരിനാണെന്നും ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നുമുള്ള സുപ്രീം കോടതി നിരീക്ഷണം ഗുജറാത്ത് സര്‍ക്കാരിനു വന്‍തിരിച്ചടിയാണ്.

2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനോയെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ബിൽക്കീസ് ബാനോ 5 മാസം ഗർഭിണിയായിരിക്കെയാണ് കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാർച്ച് 3ന് അക്രമികൾ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബിൽക്കീസ് ബാനോയെ പീഡിപ്പിക്കുകയും ചെയ്തു. ബാനോയ്ക്കൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയതിനും അവൾ സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനോയെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.

2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറ​ഞ്ഞത്. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണു വാദം കേട്ടത്. ശിക്ഷാ ഇളവു നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. 

ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനൽകി വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു.

കേസിന്റെ നാൾവഴികൾ

∙ സുരക്ഷയെ കരുതി കേസിന്‍റെ വിചാരണ ഗുജറാത്തില്‍ നിന്നും മുബൈയിലേക്ക് മാറ്റി.

∙ 2008 ല്‍ സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷിച്ചു.

∙ 2017ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവച്ചു.

∙ 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 11 പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. 

∙ സിപിഎം നേതാവ് സുഭാഷിണി അലി, തൃണമുല്‍ കോൺഗ്രസ് എംപിയായിരുന്ന മഹുവ മൊയ്ത്ര എന്നിവരാണ് കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

∙ ബിൽക്കീസ് ബാനോയും 2022 നവംബറില്‍ സുപ്രീം കോടതിയെ സമീപിച്ചു. 1992ലെ നിയമം അനുസരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഈ നിയമം പിന്നീട് സര്‍ക്കാര്‍ മാറ്റിയിരുന്നു. കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെ ഇളവുകള്‍ നിന്ന് ഒഴിവാക്കിയിരുന്നു.

∙ ഹര്‍ജിക്കാരുടെ വാദം

‘‘കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാല്‍  സിആര്‍പിസി 432 അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ മുബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. സിബിഐ അന്വേഷിച്ച കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി തേടണമായിരുന്നു’’.

∙ സര്‍ക്കാരിന്റെ വാദം

2022 ലെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന സര്‍ക്കാരും പ്രതികളും കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. പ്രതികളില്‍ ഒരാളായ ആര്‍ ഭഗവന്‍ദാസ് ഷായുടെ മോചനത്തിന് 92ലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം.

ഗോധ്ര കോടതിയിലെ പ്രിസൈഡിങ് ജഡ്ജിന്‍റെ അഭിപ്രായം 2022 ജൂണ്‍ 3ന് തേടിയിരുന്നുവെന്നും ജയില്‍ ഉപദേശക സമിതി രൂപീകരിച്ചിരുന്നുവെന്നും സർക്കാർ കോടിതയെ അറിയിച്ചു.  ലോക്കല്‍ പൊലീസിനോടും അഭിപ്രായം തേടിയിരുന്നു. അതേസമയം, ശിക്ഷ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും പ്രതികള്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും ബിൽക്കീസ് ബാനോ കോടതിയില്‍ പറഞ്ഞിരുന്നു.

English Summary:

Bilkis Bano Gang-Rape Case Timeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com