ADVERTISEMENT

മുംബൈ∙ മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പ് പ്ലാനേഴ്സിന്റെ ഓഹരികൾക്ക് വൻ കുതിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയാണ് മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദു ചെയ്തതായി ഈസി ‌ട്രിപ്പ് പ്ലാനേഴ്സ് പ്രമോട്ടർ നിശാന്ത് പിറ്റി അറിയിച്ചത്. ഇതോടെ വിപണിയിൽ ഏജൻസിയുടെ ഓഹരികളുടെ മൂല്യം ആറു ശതമാനം വരെ ഉയർന്നു.

തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്സ് ഓഹരികൾ 5.96 ശതമാനം ഉയർന്ന് സെൻസെക്സിൽ 43.90 രൂപയിലെത്തി. ഈസി ട്രിപ്പ് പ്ലാനേഴ്സ് ജനുവരി 5ന് ‘ഈസി ട്രിപ്പ് ഇൻഷുറൻസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ ഒരു ഉപകമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പ്രമോട്ടർ നിശാന്ത് പിറ്റി ആണ് ഉപകമ്പനിയുടെ ഡയറക്ടർ.

സെപ്റ്റംബർ 30 വരെ ഈസി ട്രിപ്പ് പ്ലാനേഴ്സിൽ നിശാന്തിന് 28.67 ശതമാനം ഓഹരിയുണ്ടായിരുന്നു, ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരികൾ ഒരു വർഷത്തിനിടെ 18.46 ശതമാനം ഇടിയുകയും കഴിഞ്ഞ ആറ് മാസത്തിനിടെ മാറ്റമില്ലാതെ തുടരുകയുമായിരുന്നു. അതിനിടെയാണ് മാലദ്വീപ് വിവാദം കമ്പനിക്ക് നേട്ടമാകുന്നത്. ലക്ഷദ്വീപ് യാത്രയ്ക്ക് വൻ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്.

‘മാലദ്വീപിനെ ബഹിഷ്കരിക്കൂ, ഇന്ത്യൻ ദ്വീപുകളെ കൂടുതലറിയൂ’ ആഹ്വാനത്തോടെ ഇന്ത്യയിൽ സമൂഹമാധ്യമ പ്രചാരണമുയർന്നിരുന്നു. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് കായികതാരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സുരേഷ് റെയ്ന, വെങ്കിടേഷ് പ്രസാദ്, സിനിമാ താരങ്ങളായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, ജോൺ ഏബ്രഹാം തുടങ്ങിയവർ രംഗത്തുവന്നു. മാലദ്വീപിലെ ഹോട്ടൽ ബുക്കിങ്ങും അവിടേക്കുള്ള വിമാനയാത്രയും കൂട്ടത്തോടെ റദ്ദാക്കിയതിന്റെ കണക്കുമായി റിപ്പോർട്ടുകൾ വന്നെങ്കിലും സ്ഥിരീകരണമില്ല. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളിൽ ഒന്നാമത് ഇന്ത്യക്കാരാണ്.

English Summary:

Easy Trip Planners shares rally 6% even as EaseMyTrip cancels Maldives flight bookings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com