ADVERTISEMENT

ന്യൂഡൽഹി∙ കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം.എ.സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.

എന്താണ് കൂടത്തായി കേസ്? 

കോഴിക്കോട് ജില്ലയിൽ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. 2019 ഒക്ടോബർ 4നാണ്, 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം പുറത്തറിയുന്നത്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണു കേസ്. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചു ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണാണ് അന്വേഷണത്തിനു തുടക്കമിട്ടത്.

മരണങ്ങൾ കൊലപാതകങ്ങളാണെന്നു കണ്ടെത്തിയതോടെ 2 ഇടവകകളിലെ 3 കല്ലറകളിലായി അടക്കിയ 6 മൃതദേഹങ്ങളുടെ ഭാഗങ്ങൾ പൊലീസ് പുറത്തെടുത്തു പരിശോധനയ്ക്കയച്ചു. മുഖ്യപ്രതിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയുമായിരുന്ന ജോളി ജോസഫ്, ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയെന്നതിനു ബന്ധു കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സയനൈഡ് നൽകിയെന്നതിനു സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. റോയിയുടെ അമ്മയെ ആട്ടിൻ സൂപ്പിൽ കീടനാശിനി കലക്കിക്കൊടുത്തും മറ്റുള്ളവരെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കിക്കൊടുത്തുമാണു കൊലപ്പെടുത്തിയതെന്നു ജോളിയുടെ കുറ്റസമ്മതമുണ്ടായി. 

ജോളി ജോസഫ്, എം.എസ്.മാത്യു എന്നിവർ കോഴിക്കോട് ജില്ലാ ജയിലിൽ വിചാരണത്തടവിലാണിപ്പോൾ. മൂന്നാം പ്രതി പ്രജികുമാറിനു ജാമ്യം ലഭിച്ചു. 2023 മാർച്ച് 6 മുതൽ മാറാട് സ്പെഷൽ അഡീഷനൽ കോടതിയിൽ കേസിന്റെ വിചാരണ നടക്കുകയാണ്. റോയ് തോമസിന്റെ കൊലക്കേസിലാണ് നിലവിൽ വിചാരണ. ആകെ 270 സാക്ഷികൾ. 235 രേഖകളും 23 വസ്തുക്കളും ഹാജരാക്കി. 

തുടർന്ന് സിലി വധക്കേസാവും പരിഗണിക്കുക. ഓരോ കേസിനും ഒരു വർഷം വീതമെടുത്താൽ 6 കേസുകളുടെ വിചാരണ തീരാൻ 6 വർഷം വേണ്ടിവരും.റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണകാരണമെന്നു കണ്ടെത്തി. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ പരിശോധിച്ചെങ്കിലും സിലിയുടെ മൃതദേഹ സാംപിളിൽ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചത് ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു.

മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണു മറ്റുള്ളവരിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. ഇതിനിടെ ജോളി ജോസഫിനെതിരെ രണ്ടാം ഭർത്താവ് ഷാജു സ്കറിയ കോഴിക്കോട് വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. ഭർതൃമാതാവിനെ കൊന്ന കേസിൽ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി റദ്ദാക്കി. സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ കുമാർ, നോട്ടറി സി.വിജയകുമാർ, മൈക്കാവ് ആലമലയിൽ സുരേന്ദ്രന്റെ ഭാര്യ ജിപ്സി എന്നീ സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ജോളി ജോസഫ് ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

English Summary:

Koodathayi serial murder case: Supreme Court to hear Jolly Joseph'seeking acquittal over serial killing after 3 weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com