ADVERTISEMENT

ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കേസിൽ ഗുജറാത്ത് സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നിയമവ്യവസ്ഥയെ സർക്കാർ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം ഉപയോഗിച്ചുവെന്നും വ്യക്തമാക്കി. പ്രതികളുമായി സർക്കാർ ഒത്തുകളിച്ചുവെന്നും പ്രതികളെ മോചിപ്പിച്ച സർക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സർക്കാർ സുപ്രീം കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.

അധികാരം ദുർവിനിയോഗം ചെയ്തതിന്റെ പേരിൽ ഉത്തരവ് റദ്ദാക്കുന്നുവെന്നും വ്യക്തമാക്കിയാണ് കേസില്‍ സർക്കാർ മോചിപ്പിച്ച 11 പ്രതികളോടും വീണ്ടും ജയിലിൽ പോകാൻ കോടതി നിർദേശിച്ചത്. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്ന സംസ്ഥാനത്ത് ഇളവ് നൽകാൻ അവകാശമില്ല. വിചാരണ നടന്ന മഹാരഷ്ട്രയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നു കോടതി പറഞ്ഞു. 

ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണം എങ്കിൽ അയാൾക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിച്ചത്. എന്നാൽ ബിൽക്കിസ് അനുഭവിച്ച ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിധി പറയുന്നതിനിടെ ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ പ്രതികൾ സമര്‍പ്പിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഒരു പ്രതിക്ക് ഇളവ് നല്‍കാവുന്നത് പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ തന്നെ മുന്‍ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു. കുറ്റകൃത്യം നടന്ന സ്ഥലമോ ജയില്‍ കിടന്ന സ്ഥലമോ ഏത് എന്നത് ഇളവ് നല്‍കാന്‍ കാരണമല്ല. ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാമെന്ന് ഒരു പ്രതിയുടെ കേസില്‍ സുപ്രീം കോടതി വിധിച്ചത് ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് വിരുദ്ധമെന്നും ഇന്നു കോടതി വ്യക്തമാക്കി. നീതി എന്ന വാക്ക് കോടതികൾക്ക് വഴി കാട്ടണമെന്നും ഇതിനെതിരായ വിധികൾ തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. 

നിയമം ലംഘിച്ചവർ ജയിലിലേക്ക് പോകണം. ജനാധിപത്യത്തിൽ നിയമവാഴ്ച നിലനിൽക്കണം. നിയമവാഴ്ചയില്ലെങ്കിൽ സമത്വമില്ല. നിയമലംഘനത്തിൽ അനുകമ്പയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. 

2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനോയെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്. 

മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് 11 പ്രതികളെയും ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ 11 പ്രതികളെയും വിട്ടയച്ചത്.

English Summary:

Supreme Court Slams Gujarat Government in Bilkis Bano Gang-Rape Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com