ADVERTISEMENT

ബെംഗളൂരു ∙ സഞ്ചരിക്കുന്ന ദൂരത്തിന് ആനുപാതികമായി ടോൾ നൽകാൻ അവസരം ഒരുക്കുന്ന ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്ത് ആദ്യം നടപ്പിലാക്കുക ബെംഗളൂരു– മൈസൂരു എക്സ്പ്രസ്‌വേയിൽ (എൻഎച്ച്–275).

വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോളിനുള്ള പണം ഈടാക്കും. നിർമിതബുദ്ധി ക്യാമറകൾ (എഎൻപിആർ) ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യാനും സാധിക്കും. ദേശീയപാതകളിലെ ടോൾ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ടോൾ ഗേറ്റുകളിൽ ഫാസ്ടാഗ് സ്കാൻ ചെയ്യുന്നതിൽ വരുന്ന സാങ്കേതികപ്രശ്നങ്ങൾ കാരണം ഗതാഗതക്കുരുക്ക് പതിവാണ്. 

നിലവിലെ ടോൾ പിരിവ് രീതി അനുസരിച്ച് സഞ്ചരിക്കാത്ത ദൂരത്തിനും പണം നൽകേണ്ടിവരുന്നത് സംബന്ധിച്ച് പരാതികളും വ്യാപകമാണ്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് ഈ വർഷം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തേ ലോക്സഭയിൽ പ്രഖ്യാപിച്ചിരുന്നു. 

ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ 

118 കിലോമീറ്റർ 10 വരി ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ 2 ഇടങ്ങളിലാണ് ടോൾ ബൂത്തുകളുള്ളത്. രാമനഗര ബിഡദിയിലും മണ്ഡ്യ ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലും. കഴിഞ്ഞ വർഷം മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പാതയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് ഈടാക്കുന്നത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് ആറുവരി പ്രധാനപാതയിലേക്ക് പ്രവേശനമില്ല. സർവീസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ടോൾ നൽകേണ്ടതില്ല. 

51 ജംക്​ഷനുകളിൽ കൂടി ഓട്ടമാറ്റിക് സിഗ്‌നലുകൾ

നഗരത്തിലെ 51 ജംക്‌ഷനുകളിൽ കൂടി ഓട്ടമാറ്റിക് ട്രാഫിക് സിഗ്‌നലുകൾ സ്ഥാപിക്കുന്നു. വാഹനങ്ങളുടെ തിരക്കനുസരിച്ച് സ്വയം ക്രമീകരിക്കാൻ കഴിയുന്ന സിഗ്‌നലുകളാണ് സ്ഥാപിക്കുന്നത്. രാത്രിയിലും മറ്റും ഒരു വശത്തേക്കുള്ള വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിട്ടും കൂടുതൽ സമയം സിഗ്‌നലിൽ നിർത്തിയിടേണ്ടി വരുന്നത് കുറയ്ക്കാൻ ഇതുവഴി സാധിക്കും. ഇത്തരം സിഗ്‌നലുകൾ നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു.

English Summary:

Bengaluru-Mysuru Expressway Becomes First To Launch First GPS-Based Toll System In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com