‘5,000 പേർക്ക് ഹസ്തദാനം, രാജീവിന്റെ കൈകൾ പൊട്ടി ചോരയൊലിച്ചു’; സാം പിത്രോദയുടെ വാക്കുകൾ വൈറൽ
Mail This Article
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു സാധാരണക്കാരുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടാൻ കോൺഗ്രസ് നേതാവ് സാം പിത്രോദ ഉദാഹരണമായി പറഞ്ഞ സംഭവം വൈറൽ. ഒരിക്കൽ 5000 ആളുകൾക്കു ഹസ്തദാനം നൽകി രാജീവ് ഗാന്ധിയുടെ കൈകൾ പൊട്ടി രക്തമൊലിച്ചു എന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. പരിഹാസവുമായി ബിജെപി രംഗത്തെത്തിയതോടെയാണു പരാമർശം വൈറലായത്.
‘‘ജനങ്ങളുമായി അടുത്തിടപഴകാൻ രാജീവ് ഗാന്ധിക്കു താൽപര്യമാണ്. ഭാര്യയും ഞാനും കൂടി ഒരിക്കൽ രാജീവിനെ കാണാൻ പോയി. അപ്പോൾ അദ്ദേഹത്തിന്റെ കൈകൾ പൊട്ടി രക്തം ഒലിക്കുന്നുണ്ടായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ, അയ്യായിരത്തോളം ആളുകൾക്കു ഹസ്തദാനം നൽകിയതാണ് എന്നായിരുന്നു മറുപടി. അവർ ഗ്രാമീണരായിരുന്നു. കഠിനാധ്വാനം ചെയ്യുന്ന അവരുടെ കൈകൾ ബലമുള്ളതാണ്. നോക്കൂ, നമ്മുടെ കൈകൾ അത്ര കടുപ്പമുള്ളതല്ല; അത്തരം കഠിനാധ്വാനം ചെയ്യാത്തതാണു കാരണം.’’– യുട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ സാം പിത്രോദ പറഞ്ഞു.
ജനങ്ങളെ കാണുന്നതും അവരോടു സംസാരിക്കുന്നതും രാജീവിന് എപ്പോഴും സന്തോഷമുള്ള കാര്യമായിരുന്നു. പ്രധാനമന്ത്രിയായ ശേഷവും തന്റെ ഉത്തരവാദിത്തമാണെന്നു കരുതി ജനങ്ങളുമായി അടുപ്പം പുലർത്തി. രാജീവ് പോകുന്നിടത്തെല്ലാം വലിയ ആൾക്കൂട്ടം പതിവാണെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു പിത്രോദയുടെ പ്രതികരണം. ‘ഗാന്ധി കുടുംബത്തിന്റെ പുരാവസ്തുക്കൾ’ എന്നു കളിയാക്കിയാണു ബിജെപി നേതാക്കൾ വിഡിയോ പങ്കുവച്ചത്.