ADVERTISEMENT

കണ്ണൂർ ∙ എൻഐഎ ഇന്ത്യയിലും വിദേശത്തും വ്യാപകമായി തിരച്ചിൽ നടത്തുമ്പോൾ, ഇരിട്ടിയിലും മട്ടന്നൂരിലുമായി വർഷങ്ങളോളം സവാദ് ഒളിച്ചു താമസിച്ചതു വൻ ഇന്റലിജൻസ് വീഴ്ചയാണെന്നു വിലയിരുത്തൽ. 13 വർഷവും ഇയാൾ കണ്ണൂരിലാണ് ഒളിവിൽ കഴിഞ്ഞതെന്നു വ്യക്തമല്ലെങ്കിലും വർഷങ്ങളോളം ഇരിട്ടിയിലും മട്ടന്നൂരിലുമുണ്ടായിരുന്നുവെന്നു വ്യക്തമായ തെളിവുണ്ട്.

പൊലീസിനു കണ്ടെത്താൻ സഹായകരമായ, ആശാരിപ്പണിയടക്കം നേരിട്ടല്ലാത്ത പല സൂചനകളും സവാദിന്റെ ഒളിവു ജീവിതത്തിലുണ്ടായിരുന്നു. എൻഐഎയുടെ കേസ് എന്ന നിലയിൽ പൊലീസ് അവഗണിച്ചതും വീഴ്ചയ്ക്കു കാരണമായിട്ടുണ്ടാകാം. പൊലീസിന്റെ ശക്തിയായിരുന്ന ഫീൽഡ് ഇന്റലിജൻസിൽ (ജനങ്ങളിൽ നിന്നു നേരിട്ടു ലഭിക്കുന്ന വിവരങ്ങൾ) ഉണ്ടായ ദൗർബല്യങ്ങളും ലോകം മുഴുവൻ തിരഞ്ഞ പ്രതി മൂക്കിനു താഴെ ഒളിച്ചിരിക്കാൻ ഇടയാക്കി. പ്രതിക്കു ചില സംഘടനകളുടെ സഹായം ലഭ്യമാകുമെന്നിരിക്കെ, ആ രീതിയിലുള്ള നിരീക്ഷണത്തിലും പിഴവു പറ്റി.

എൻഐഎയുടെ കേസ് ആയതിനാൽ, പൊലീസിനു ചുമതലയില്ലെന്നു പറയാമെങ്കിലും കേന്ദ്ര ഏജൻസികളുടെ കേസുകളിൽ നാട്ടിൽ ഒളിച്ചു കഴിയുന്ന പ്രതികളെ കണ്ടെത്തേണ്ട നിയമപരമായ ബാധ്യത കേരള പൊലീസിനു തന്നെയാണ്. ചുരുക്കം ജീവനക്കാർ മാത്രമുള്ള കേന്ദ്ര ഏജൻസികൾക്ക് പ്രതികളെ ഇത്രയും കാലം തുടർച്ചയായി അന്വേഷിച്ചു കണ്ടെത്താൻ കഴിയില്ലെന്നതും പരിഗണിക്കണം.

ഒളിവു ജീവിതത്തിന്, സവാദിനു വലിയ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. ആശാരിപ്പണിയാണെങ്കിലും ചില വീടുകളിൽ മാത്രമാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ജോലി തീർന്ന്, വൈകിട്ടോ രാത്രിയിലോ ആണു വീട്ടിലേക്കു മടങ്ങിയിരുന്നത്. ഇതിനിടയിൽ ഇയാൾ ഏതെങ്കിലും സംഘടനയുടെ ക്യാംപുകളിലോ യോഗങ്ങളിലോ പങ്കെടുത്തിട്ടുണ്ടോയെന്നു വ്യക്തമല്ല.

സവാദ് ഒളിയിടമായി തിരഞ്ഞെടുത്ത കുന്നിൻചെരിവ്, അധികമാരും ശ്രദ്ധിക്കാത്ത സ്ഥലമാണ്. മട്ടന്നൂർ നഗരസഭയിലാണെങ്കിൽ പോലും നാട്ടുമ്പുറത്തിന്റെ സ്വഭാവമാണ്. ഇവിടേക്കുള്ള ഹസൻമുക്ക് റോഡാണെങ്കിൽ, വളഞ്ഞു പുളഞ്ഞു പോകുന്നതാണ്. വാടകവീട് നിൽക്കുന്നത്, ചെമ്മൺ വെട്ടുവഴി മാത്രമുള്ള കുന്നിൻചരിവിലും. ഇത്തരം സുരക്ഷിതമായ ഒളിത്താവളം കണ്ടെത്താനും വാടകയ്ക്ക് എടുക്കാനും സവാദിന് ഒറ്റയ്ക്കു സാധിക്കില്ലെന്നുറപ്പാണ്.

13 വർഷവും ഇതേ രീതിയിൽ പല സ്ഥലങ്ങളിലായി മാറിമാറിത്താമസിച്ചിട്ടുണ്ടാകാം. ആശാരിപ്പണിയിൽ ഇയാൾക്ക് പരിശീലനം നൽകിയവർ, ഒളിവിടം ഒരുക്കാനും താമസം മാറ്റാനും സഹായിക്കുന്നവർ എന്നിവരിലേക്കും ഇനി എൻഐഎ അന്വേഷണം നീങ്ങും.

English Summary:

How the Wanted Man Savad Hid in Plain Sight for Years in Kannur?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com