ADVERTISEMENT

കൊച്ചി∙ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിന‌ു കുരുക്കായത്, ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നു സൂചന. ഷാജഹാൻ എന്നു പേരുമാറ്റി 13 വർഷത്തോളം അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചു നടന്ന സവാദ്, ഒടുവിൽ ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പേരു ചേർത്തതാണു വിനയായത്. സവാദിന്റെ ഒളിവുജീവിതത്തെക്കുറിച്ചു സൂചന ലഭിച്ച എൻഐഎ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് ഷാജഹാൻ യഥാർഥത്തിൽ സവാദ് തന്നെയാണെന്നു തിരിച്ചറിഞ്ഞത്.

സവാദ് കണ്ണൂരിലുണ്ടെന്ന സൂചന എൻഐഎയ്ക്ക് നേരത്തേ ലഭിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും പിടിക്കപ്പെടാതെ പോകാൻ കാരണമായത് നാട്ടിലെല്ലാം അറിയപ്പെട്ടിരുന്ന ഷാജഹാൻ എന്ന പേരായിരുന്നു. ഇതിനിടെയാണ് മട്ടന്നൂരിനു സമീപം ബേരത്ത് ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്.

ഈ പ്രദേശത്തു നടത്തിയ പ്രാഥമികാന്വേഷണത്തിലും സവാദ് എന്നൊരാൾ ഇല്ലെന്ന് വ്യക്തമായി. ഇതിനിടെ ഉണ്ടായ സംശയങ്ങളുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ്, ഷാജഹാനെന്ന പേരിൽ കഴിയുന്നത് കുപ്രസിദ്ധമായ കൈവെട്ടു കേസിലെ പ്രതി സവാദാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.

ഇതിനു പിന്നാലെ എന്‍ഐഎ സംഘം കണ്ണൂരിലേക്കു പുറപ്പെട്ടു. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മട്ടന്നൂർ പൊലീസിന്റെ സഹായത്തോടെ ബേരത്തെ വാടകവീട് വളഞ്ഞ ഉദ്യോഗസ്ഥർ സവാദിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വീട്ടിലെത്തി പേരു ചോദിച്ചപ്പോൾ ഷാജഹാനെന്നാണു സവാദ് പറഞ്ഞത്.

പ്രഫ. ടി.ജെ. ജോസഫിനെ ആക്രമിക്കുന്ന സമയത്ത് സവാദിന്റെ പുറത്തു പരുക്കേറ്റതായി വിവരം ലഭിച്ചിരുന്നു. ആദ്യ ഘട്ടം മുതൽ ഇക്കാര്യം അന്വേഷണ സംഘങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പുറത്തെ പരുക്ക് പരിശോധിച്ച് സവാദ് തന്നെയാണെന്ന് ഒരിക്കൽക്കൂടി ഉറപ്പാക്കി. അപ്പോഴും തൊടുന്യായങ്ങൾ പറഞ്ഞ് സവാദ് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ സവാദ് എല്ലാം തുറന്നുസമ്മതിച്ചു.

എട്ടു വർഷം മുൻപ് കാസർകോട് സ്വദേശിനിടെ വിവാഹം കഴിച്ച ശേഷം സവാദ് ഒരിടത്തും പോയിട്ടില്ലെന്നും സൂചനകളുണ്ട്. വിവാഹശേഷം കാസർകോടും കണ്ണൂരുമായാണ് ഇയാൾ ജീവിച്ചതെന്നാണ് വിവരം. വളപട്ടണം, വിളക്കോട്ടൂർ, ബേരം എന്നിവിടങ്ങളിൽ സവാദ് ഒളിവിൽ കഴിഞ്ഞതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ബേരത്തുനിന്നു താമസം മാറ്റാൻ തയാറെടുക്കവെയാണ് ഇയാൾ എൻഐഎയുടെ വലയിലായത്.

English Summary:

NIA Nabs Hand-Chopping Case Accused Savad After Tracing Alias to Child's Document

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com