ADVERTISEMENT

തിരുവനന്തപുരം∙ 2021ലെ സ്വാതി സംഗീത പുരസ്‌കാരം പ്രമുഖ കർണാടക സംഗീതജ്ഞന്‍ പി.ആര്‍.കുമാര കേരളവര്‍മയ്ക്ക്. കർണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണു കുമാര കേരളവര്‍മയെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. 2 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണു പുരസ്‌കാരം.

ഇന്ത്യന്‍ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്കു കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമാണു സ്വാതി സംഗീത പുരസ്‌കാരം. പുരസ്‌കാര വിതരണ തീയതി പിന്നീടു പ്രഖ്യാപിക്കും. ഡോ.കെ.ഓമനക്കുട്ടി ചെയര്‍പഴ്‌സനും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, സംഗീതജ്ഞരായ പാര്‍വതീപുരം എച്ച്.പത്മനാഭ അയ്യര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണു ജേതാവിനെ തിരഞ്ഞെടുത്തത്. 

തിരുവനന്തപുരം സ്വദേശിയായ കുമാര കേരളവര്‍മ ചെറുപ്രായത്തില്‍ തന്നെ കച്ചേരികള്‍ നടത്തി സംഗീത രംഗത്ത് അരങ്ങേറ്റം നടത്തിയിരുന്നു. എണ്ണക്കാടു കൊട്ടാരത്തിലെ ഇ.രാമവര്‍മ രാജയുടെയും പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം തിരുവനന്തപുരം  സ്വാതി തിരുനാള്‍ കോളജില്‍നിന്നും സംഗീതത്തില്‍ ഗാനഭൂഷണ്‍, സംഗീത വിദ്വാന്‍, ഗാനപ്രവീണ കോഴ്സുകള്‍ ഫസ്റ്റ് ക്ലാസോടെ പൂര്‍ത്തിയാക്കി. 1962 ല്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍നിന്നും സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കി.

ശൊമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍  സംഗീതത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. 1966ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നീണ്ട 28 വര്‍ഷത്തെ സേവനത്തിനുശേഷം സ്വാതിതിരുനാള്‍ സംഗീത കോളജില്‍നിന്നും പ്രിന്‍സിപ്പലായാണു വിരമിച്ചത്.

കേരള സംഗീത നാടക അക്കാദമി  1993 ല്‍ അക്കാദമി അവാര്‍ഡും 2017 ല്‍ ഫെലോഷിപ്പും നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ പരീക്ഷാവിഭാഗത്തിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഭാവിതലമുറയ്ക്കുവേണ്ടി കര്‍ണാടക സംഗീത രംഗത്ത് ഒട്ടനവധി  സംഭാവനകള്‍ നല്‍കിയ കുമാര കേരളവര്‍മയെ സ്വാതി സംഗീത പുരസ്‌കാരത്തിനു ത‌ിരഞ്ഞെടുത്തതില്‍ അതിയായ ആഹ്ലാദമുണ്ടെന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

English Summary:

P R Kumara Kerala Varma got Swathi Sangeetha Puraskaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com