ADVERTISEMENT

തിരുവനന്തപുരം∙ റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍  ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട റബര്‍ കര്‍ഷകരും 5 ലക്ഷത്തോളം വരുന്ന റബര്‍ ടാപ്പിംഗ് തൊഴിലാളികളും ആയിരകണക്കിന് ചെറുകിട റബര്‍ വ്യാപാരികളും റബര്‍ വിലയിടിവ് മൂലം ദുരിതത്തിലാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ റബര്‍ വിലസ്ഥിരതാഫണ്ടിലേക്ക് 600 കോടി രൂപ നീക്കിവച്ച് റബറിന്റെ താങ്ങുവില കിലോയ്ക്ക് 150 ല്‍ നിന്നും 170 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എങ്കിലും റബര്‍കര്‍ഷകര്‍ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തില്‍ റബര്‍ കൃഷി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബര്‍കൃഷിയുമായി മുന്നോട്ടുപോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കപ്പെടണം.  മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണം. 250 രൂപയെങ്കിലും ഉറപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍ കൃഷി തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും.

1947 ലെ റബര്‍ ആക്ട് പരിഷ്‌കരിക്കുമ്പോള്‍ റബറിന്റെ അടിസ്ഥാന വില ഉറപ്പുവരുത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നൽകണം. നിലവിലെ നിയമപ്രകാരം റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ കൊടുക്കുവാന്‍ വ്യവസ്ഥയില്ല. പുതിയ നിയമത്തില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള നിയമവ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കേണ്ടതാണെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ഗവ. ചീഫ് വിപ്പ്  ഡോ.എന്‍.ജയരാജ്, തോമസ് ചാഴികാടന്‍ എം.പി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എ മാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

English Summary:

Kerala Congress (M) Leaders met CM on Rubber minimum price issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com