ADVERTISEMENT

സിയോൾ ∙ 2020ലെ കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി വിനോദസഞ്ചാരികളെ വരവേറ്റ് ഉത്തര കൊറിയ. റഷ്യയിൽ നിന്നുള്ള സംഘമാണ് അടുത്ത മാസം ഉത്തര കൊറിയയിൽ എത്തുന്നത്. ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ കഴിഞ്ഞ മാസം പ്യോങ്‌യാങ്ങിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സഞ്ചാരികൾക്ക് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചത്. വ്‌ളാഡിവോസ്റ്റോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂർ ഏജൻസിയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യാന്തര ഉപരോധങ്ങൾ നിലനിൽക്കെ, സാമ്പത്തിക, രാഷ്ട്രീയ, സൈനിക കാര്യങ്ങളിൽ സഹകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ആണവ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാസമിതി ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ ഉത്തര കൊറിയയുമായി അകലം പാലിക്കുന്നതിനിടെയാണ് റഷ്യ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. യുക്രെയിനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ചില രാജ്യങ്ങൾ റഷ്യയ്ക്കും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സഞ്ചാരികൾക്കായി അതിർത്തി തുറന്ന ഉത്തര കൊറിയയുടെ നീക്കം നല്ല സൂചനയാണ് നൽകുന്നതെന്നും എന്നാൽ ഇത് റഷ്യയുമായുള്ള സഹകരണത്തിന്റെ ഭാഗമായുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായും ബെയ്ജിങ് ആസ്ഥാനമായുള്ള ടൂർ കമ്പനി പ്രതികരിച്ചു. ലോക്ക്ഡൗണിനു മുൻപ്, 2019ൽ ഉത്തര കൊറിയയിലേക്ക് ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിരുന്നു. ആ വര്‍ഷം മാത്രം വിനോദസഞ്ചാരത്തിൽനിന്ന് 175 മില്യൻ ഡോളറിന്റെ അധിക വരുമാനം നേടാൻ രാജ്യത്തിന് കഴിഞ്ഞു.

English Summary:

North Korea to Allow First Tourists to Enter Country Since 2020 Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com