‘രാമരാജ്യ സങ്കൽപ്പം മുന്നോട്ടുവച്ചത് ഗാന്ധിജി; കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചത് ലീഗിന്റെ സമ്മർദം കാരണം’: പി.കെ.കൃഷ്ണദാസ്

Mail This Article
കോഴിക്കോട്∙ രാമരാജ്യ സങ്കൽപ്പം ആദ്യമായി മുന്നോട്ടുവച്ചതു ഗാന്ധിജിയാണെന്നു ബിജെപി ദേശീയ പ്രവർത്തകസമിതി അംഗം പി.കെ.കൃഷ്ണദാസ്. കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചതു മുസ്‌ലിം ലീഗിന്റെ സമ്മർദം കാരണമാണ്. കോൺഗ്രസിനെ നിയന്ത്രിക്കുന്നതു രണ്ടു ജില്ലകളിൽ സ്വാധീനമുള്ള ലീഗാണെന്നും കൃഷ്ണദാസ് പറഞ്ഞു. ‘‘പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ കേരളത്തിന്റെ പരിച്ഛേദമാണു പങ്കെടുക്കുന്നത്. കേരളത്തിന്റെ യഥാർഥ മനസ്സ് സിപിഎമ്മിനും കോൺഗ്രസിനും ഒപ്പമല്ല. ഗാന്ധിയൻ സങ്കൽപങ്ങളെ കോൺഗ്രസ് കൊന്നുകുഴിച്ചുമൂടി. അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കണമെന്ന് എൻഎസ്എസും എസ്എൻഡിപിയും പറഞ്ഞു. ഇതൊന്നും കോൺഗ്രസ് കാണുന്നില്ല. ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല’’– കൃഷ്ണദാസ് വിശദീകരിച്ചു.
‘‘ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും സമവായത്തിലൂടെയാണു വിധി വന്നത്. അതുപ്രകാരം രണ്ടു കൂട്ടരും ആരാധനാലയങ്ങൾ പടുത്തുയർത്തുന്നു. മതവിദ്വേഷം കുത്തിയിളക്കി തമ്മിൽ തല്ലിപ്പിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നു. ചടങ്ങിൽ പങ്കെടുക്കണം എന്നാണു സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം. ഭീകര സംഘടനകളുടെ സ്വാധീനത്തിനു വഴങ്ങിയാണ് ഇടത് സംഘടനകളും ചടങ്ങ് ബഹിഷ്കരിച്ചത്. മുസ്‌ലിം ലീഗിന്റെ നിലപാട് കേരളീയ സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും’’–കൃഷ്ണദാസ് പഞ്ഞു. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു.