വിവാഹപ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ചർച്ചയ്ക്കിടെ സംഘർഷം: മർദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു
Mail This Article
കരുനാഗപ്പള്ളി ∙ മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ മർദനമേറ്റ തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) മരിച്ചു. തൊടിയൂർ പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡന്റാണ്.
ഇന്നലെ വൈകിട്ടു പാലോലിക്കുളങ്ങര ജമാഅത്തിലെ ഒരു യുവാവും മറ്റൊരു ജമാഅത്തിൽ പെട്ട യുവതിയും തമ്മിലുള്ള വിവാഹപ്രശ്നം ഒത്തുതീർപ്പാക്കാനായി പള്ളിയിൽ ഒത്തുകൂടിയപ്പോഴാണു സംഭവം. ചർച്ചയ്ക്കിടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ജമാഅത്ത് ഓഫിസിനു നേരെയും ആക്രമണം നടന്നു. ഇതിനിടെയാണു സലിമിനു മർദനമേറ്റതെന്നു പൊലീസ് പറയുന്നു.
മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടം നാളെ. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണു സലിം മണ്ണേൽ. ഭാര്യ: ഷീജ സലിം. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്ന, തസ്നി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.