ADVERTISEMENT

വാഷിങ്ടൻ ∙  ചെങ്കടലിൽ കപ്പലുകൾക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയുമായി യുഎസും ബ്രിട്ടനും. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ യുഎസ് ചരക്കുകപ്പലുകൾക്ക് എതിരായ ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായുള്ള ആക്രമണമെന്നാണ് റിപ്പോർട്ട്. ചെങ്കടലിൽ രാജ്യാന്തര കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികൾ ഒരു വർഷത്തോളമായി നടത്തുന്ന ആക്രമണങ്ങൾക്ക് ആദ്യമായാണ് തിരിച്ചടി നൽകുന്നത്.

27 കപ്പലുകള്‍ക്കെതിരെയാണ് ഹൂതികൾ അക്രമണം നടത്തിയത്. തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയറും ഇവർ പിടിച്ചെടുത്തിരുന്നു. ചരക്കുകപ്പലുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് പിന്തുണയറിയിച്ച്  വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.

ചെങ്കടലിൽ കപ്പലുകൾക്കെതിരെ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമെന്ന നിലയിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ആവശ്യം വന്നാൽ മറ്റു സൈനിക നടപടികളിലേക്ക് കടക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. യെമനിൽ  ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.

‘‘എന്റെ നിർദേശാനുസരണം യുകെ, ഓസ്ട്രേലിയ, ബെഹ്റിൻ, കാനഡ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യുഎസ് സൈനികസംഘം യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തി. ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയിൽ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനുള്ള ഹൂതികളുടെ ശ്രമത്തിനെതിരെയാണ് ആക്രമണം’’– ബൈഡൻ പറഞ്ഞു

യെമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ ,ഹമാസിന് നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ചെങ്കടലിൽ ചരക്കുകപ്പലിനെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയത്. 2016നു ശേഷം യെമനിലെ ഹൂതികൾക്കെതിരെ യുഎസ് നടത്തുന്ന ആദ്യ ആക്രമണമാണ് ഇത്. ആക്രമണം നടത്തിയാൽ യുഎസിന് തക്കതായ മറുപടി നൽകുമെന്ന് ഹൂതി നേതാവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരായ നീക്കത്തിന്റഎ ഭാഗമായാണ് കപ്പലുകൾ പിടിച്ചെടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും, ഹൂതികൾ പിടിച്ചെടുത്ത കപ്പലുകളിൽ ഇസ്രയേൽ ബന്ധമില്ലാത്തതാണ് കൂടുതലും. 

ഹൂതികളുടെ ആക്രമണത്തിനെതിരെ കഴിഞ്ഞ ആഴ്ച യുഎസ് അന്ത്യശാസനം നൽകിയിരുന്നു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുൾപ്പെടെ 12 രാജ്യങ്ങൾ സംയുക്തമായി മുന്നറിയിപ്പ് നൽകി ഒരു ദിവസം പിന്നിട്ടപ്പോൾ വീണ്ടും ആക്രമണമുണ്ടായതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. നവംബർ 19 മുതൽ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉൾപ്പെടെ ആക്രമിക്കുകയാണ്.

English Summary:

US, UK Launch Strikes Against Iran-Backed Houthi Rebels In Yemen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com