ലോക്സഭാ തിരഞ്ഞെടുപ്പ്: എക്സിലും ടെലിഗ്രാമിലും പ്രചാരണം തുടങ്ങാൻ സിപിഎം
Mail This Article
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവവോട്ടർമാരെ ആകർഷിക്കാൻ വിവിധ തലങ്ങളിൽ പാർട്ടി രണ്ടുമാസം മുൻപ് ആരംഭിച്ച സമൂഹമാധ്യമ കൂട്ടായ്മകൾക്കു ലക്ഷ്യം നേടാനായില്ലെന്നു സിപിഎമ്മിൽ വിലയിരുത്തൽ.
വാട്സാപ്പിലും ഫെയ്സ്ബുക്കിലും നിന്നുതിരിയാതെ ചെറുപ്പക്കാരെ അടുപ്പിക്കാൻ എക്സിലും (ട്വിറ്റർ), ടെലിഗ്രാമിലും വ്യാപക പ്രചാരണത്തിനും പാർട്ടി തീരുമാനിച്ചു. കന്നിവോട്ടർമാരെ ലക്ഷ്യമിട്ടു പ്രത്യേക ഗ്രൂപ്പ് ആരംഭിക്കാൻ വോട്ടർപട്ടിക അടിസ്ഥാനമാക്കി അവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. പ്രഫഷനലുകൾ മുഖേന, സമൂഹമാധ്യമങ്ങളിൽ ബിജെപി 30 വയസ്സിനു താഴെയുള്ളവർക്കിടയിൽ ഉണ്ടാക്കുന്ന മേൽക്കൈ ഗൗരവത്തിലെടുത്ത്, ജാഗ്രത പുലർത്താനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസും മേഖലയിൽ മികച്ചരീതിയിൽ മുന്നേറുന്നതായാണു നിരീക്ഷണം.
കക്ഷിരാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത, സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി പ്രതികരിച്ച്, വിശകലനം ചെയ്യുന്ന യുവാക്കൾക്കിടയിൽ പാർട്ടി നയവുമായല്ല, അവർക്കു താൽപര്യമുള്ള വിഷയങ്ങളിലൂടെ ആവർത്തിച്ചു കടന്നുചെന്ന് ഒപ്പംനിർത്താനാണു പ്രവർത്തകർക്കുള്ള നിർദേശം. തിരഞ്ഞെടുപ്പിന്റെ സമൂഹമാധ്യമ പ്രചാരണം വിലയിരുത്തിയ നേതൃയോഗം ഈ മാസത്തോടെ എക്സ്, ടെലിഗ്രാം എന്നിവയിൽ ഉൾപ്പെടെ മുന്നിലെത്താനുള്ള തന്ത്രങ്ങൾക്കു രൂപം നൽകി.
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ബോധമുണ്ടാക്കുന്നതിൽ പരമ്പരാഗത മാധ്യമങ്ങളുടെ സ്വാധീനവും സമൂഹ മാധ്യമങ്ങളുടെ ഇടപെടലും തിരുവനന്തപുരത്തു നടന്ന ജില്ലാ, സംസ്ഥാന നേതാക്കളുടെ യോഗം വിലയിരുത്തി.
പാർട്ടിയുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ എല്ലാ ബൂത്തിലും ഉദ്ദേശിച്ച പോലെ ആളുകളെ ചേർക്കാനായില്ലെന്ന വിമർശനം യോഗത്തിലുയർന്നതായാണു സൂചന. മേൽഘടകം മുതൽ ബൂത്ത് വരെ പ്രഫഷനൽ സമീപനമുണ്ടായില്ല. ബൂത്ത്, ലോക്കൽ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, പാർലമെന്റ് മണ്ഡലം, സംസ്ഥാന തലം എന്നിങ്ങനെയാണു നിലവിൽ മാധ്യമഗ്രൂപ്പുകളുള്ളത്. ആശയരൂപീകരണത്തിനും വിലയിരുത്തലിനും എകെജി സെന്റർ കേന്ദ്രീകരിച്ച് ഉപസമിതിയുണ്ട്.
ഇന്നും നാളെയും നടക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ സ്ഥാനാർഥികളെക്കുറിച്ചുള്ള ആശയവിനിമയത്തിനൊപ്പം സമൂഹമാധ്യമ ക്യാംപെയ്നും ചർച്ചചെയ്തേക്കും.ഈ മാസം അവസാനം തിരുവനന്തപുരത്തു നടക്കുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ വ്യക്തമായ ചർച്ച നടക്കും. ഇതിനിടയിൽ, തിരഞ്ഞെടുപ്പിനുള്ള സമൂഹമാധ്യമ പ്രചാരണത്തിന്റെ എല്ലാ തലത്തിലും ലക്ഷ്യം കൈവരിക്കാനാണു നീക്കം.