ADVERTISEMENT

ന്യൂഡൽഹി∙ 9 ജല സംസ്കരണ പ്ലാന്റുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാക്കി യമുന നദിയിൽ അമോണിയയുടെ അളവ് അപകടകരമായ തോതിൽ വർധിക്കുന്നു. വസീറാബാദ് മേഖലയിൽ വലിയ അളവിൽ മാലിന്യം ഒഴുകിയെത്തിയതിനാൽ നഗരത്തിൽ കുടിവെള്ള വിതരണത്തിൽ കുറവുണ്ടാകുമെന്നു ജല ബോർഡ് മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ വസീറാബാദ്, ചന്ദ്രാവൽ പ്ലാന്റുകളിൽ നിന്നുള്ള കുടിവെള്ള വിതരണം 30 മുതൽ 50 ശതമാനം വരെ കുറഞ്ഞു. ഈ പ്ലാന്റുകളിൽ നിന്നാണ് പ്രതിദിനം 990 ഗാലൻ വെള്ളം വിതരണം ചെയ്യുന്നത്.

∙ അമോണിയ ആദ്യമല്ല

ഡിസംബർ 30നും യമുനയിലെ അമോണിയയുടെ അളവ് വർധിച്ചു. വെള്ളത്തിൽ അമോണിയയുടെ അളവ് 1 പിപിഎം ന് (പാർട്ട് പെർ മില്യൻ) മുകളിലാകുന്ന അവസ്ഥ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നു ജല ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു. വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് അമോണിയയുടെ അളവ് കൂടാൻ കാരണം. ഹരിയാനയിലെ പാനിപ്പത്ത്, സോനിപ്പത്ത് വ്യവസായ മേഖലകളിൽ നിന്നാണു യമുനയിലേക്കു വൻതോതിൽ മാലിന്യം തള്ളുന്നത്. നഗരത്തിന് ആവശ്യമായ കുടിവെള്ളത്തിന്റെ 40 ശതമാനവും കാരിയർ ലൈൻഡ് കനാൽ, മുനക് കനാൽ, ഡൽഹി സബ് ബ്രാഞ്ച് കനാൽ എന്നിവയിലൂടെ എത്തിക്കുന്ന യമുനയിലെ വെള്ളമാണ്. 25 ശതമാനം അപ്പർ ഗംഗ കനാലിൽ നിന്നും 22 ശതമാനം ഭക്രനംഗൽ കനാലിൽ നിന്നും ലഭിക്കുന്നു. ബാക്കി കുടിവെള്ളം ഭൂഗർഭ സ്രോതസ്സുകളിൽ നിന്നാണ്.

∙ ശുദ്ധീകരണം വെല്ലുവിളി

ജല ബോർഡിന്റെ കുടിവെള്ള സംസ്കരണ പ്ലാന്റിൽ 0.9 പിപിഎം വരെ മാലിന്യം കലർന്ന വെള്ളം ശുദ്ധീകരിക്കാം. എന്നാൽ ഇതിനു മീതെ ഉയർന്നാൽ ശുദ്ധീകരണം വെല്ലുവിളിയാകും. 4പിപിഎം മാലിന്യം കലർന്ന വെള്ളം ശുദ്ധീകരിക്കാൻ ഓസോനേഷൻ പ്ലാന്റുകൾ സജ്ജീകരിക്കുന്ന കാര്യം ജല ബോർഡിന്റെ പരിഗണനയിലുണ്ട്.

∙ രാഷ്ട്രീയക്കളിയും തടസ്സം

ആം ആദ്മി പാർ‌ട്ടി സർക്കാരും ജല ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ഉടക്കാണ് അമോണിയ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനു തടസ്സമെന്നാണ് ആരോപണം. മുൻ ധാരണ പ്രകാരം 5 മാസം മുൻപു തന്നെ പ്രവർത്തനം ആരംഭിക്കേണ്ട പ്ലാന്റിന്റെ ഫയലുകൾ ഇപ്പോഴും അനങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ ഇതു സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയെങ്കിലും അനക്കമുണ്ടായില്ല.

ശുദ്ധജലവിതരണം മുടങ്ങും

ദ്വാരക∙ മധു വിഹാറിലെ ജലസംഭരണിയുടെ (കമാൻഡ് ടാങ്ക് 2) വാർഷിക ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 15, 16 തീയതികളിൽ ഇവിടെ നിന്നുള്ള ശുദ്ധജല വിതരണം മുടങ്ങും. 

സ്ഥലങ്ങൾ

∙മധുവിഹാർ (എല്ലാ ബ്ലോക്കുകളിലും)
∙ദ്വാരക 2, 4, 5, 6, 10, 11

English Summary:

High level Ammonia found in Yamuna River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com