‘ഇതൊക്കെ ഒത്തുതീർപ്പിന്റെ ഭാഗമാകാം, ഞങ്ങൾ വലിയ ആവേശം കാണിക്കുന്നില്ല; അന്തർധാരയിൽ അവസാനിക്കും’
Mail This Article
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഇപ്പോഴത്തെ നടപടി ഒത്തുതീർപ്പിന്റെ ഭാഗമാകാം. മുഖ്യമന്ത്രിയെ ഭയപ്പെടുത്താനുള്ള ഭീഷണിയാണെന്നും കെ.മുരളീധരൻ പറഞ്ഞു.
‘‘കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങൾ ഇതിൽ വലിയ ആവേശം കാണിക്കുന്നില്ല. കാരണം കേന്ദ്ര ഏജൻസികളൊക്കെ സെക്രട്ടേറിയറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. പക്ഷേ ഇപ്പോ കേറും, ഇപ്പോ കേറും എന്നു പറയുന്നതല്ലാതെ കയറുന്നില്ല. ഒത്തുതീർപ്പിന്റെ ഭാഗമായാണ് ഈ പ്രവർത്തനം ഒക്കെ കാണുന്നത്. സമ്മർദത്തിനു വഴങ്ങിയില്ലെങ്കിൽ ശരിക്കും കയറുമെന്ന ഭീഷണിയാണിത്. ഇതു കാണുമ്പോൾ മുഖ്യമന്ത്രി ഭയപ്പെടുകയും ചെയ്യും. അതുകൊണ്ട തന്നെ ഇതൊരു അന്തർധാരയിൽ അവസാനിക്കുമെന്നാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്’’– കെ.മുരളീധരൻ പറഞ്ഞു.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്നു വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും.