വഴിയരികിൽ ബൈക്കിൽ ചാരിനിന്ന യുവാവിനെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു: ദാരുണാന്ത്യം
Mail This Article
പാറശാല(തിരുവനന്തപുരം)∙ നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി വഴിയരികിൽ നിന്ന യുവാവിനു ദാരുണാന്ത്യം. കീഴേതോട്ടം കല്ലിടാഞ്ചിവിള എഎ ഭവനിൽ സജികുമാർ (22) ആണു മരിച്ചത്. വ്യാഴം രാത്രി 11ന് ദേശീയപാതയിൽ പവതിയാൻവിളയിൽ ആണ് അപകടം. ബേക്കറി ജീവനക്കാരനായ ബന്ധുവിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു സജികുമാർ. ബൈക്ക് വഴിയരികിൽ പാർക്ക് ചെയ്ത ശേഷം അതിൽ ചാരി നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ടു പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.
തലയ്ക്കു സാരമായി പരുക്കേറ്റ സജികുമാർ തൽക്ഷണം മരിച്ചു. സജികുമാറിനെ ഇടിച്ചു വീഴ്ത്തിയ ശേഷം സമീപത്തെ 2 ബൈക്കുകളിലും ഒാട്ടോയിലും ഇടിച്ചിട്ടും നിർത്താതെ പാഞ്ഞ കാർ എതിർവശത്തുള്ള പെട്ടിക്കടയിലേക്ക് ഇടിച്ചു കയറിയാണു നിന്നത്. കാർ ഒാടിച്ചിരുന്ന പൊൻവിള സ്വദേശി അമൽദേവ് മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നേരിയ പരുക്കേറ്റ അമലിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ കടന്നു കളഞ്ഞു. സജികുമാറിന്റെ മൃതദേഹം സംസ്കരിച്ചു. ഭാര്യ അഞ്ജന.