‘ഭാര്യാസഹോദരിക്ക് സർജറി, 40,000 രൂപ വേണം’: കേരളത്തിലെ ആദ്യ ഡീപ്ഫെയ്ക്കിൽ കുരുങ്ങിയത് കോഴിക്കോട് സ്വദേശി: മുഖ്യപ്രതി കാണാമറയത്ത്

Mail This Article
തിരുവനന്തപുരം∙ കേന്ദ്ര സർക്കാര്‍ സ്ഥാപനത്തിൽനിന്നും റിട്ടയർ ചെയ്ത കോഴിക്കോട് സ്വദേശിക്ക് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ വിഡിയോ കോൾ വന്നു. ആന്ധ്രാ സ്വദേശിയായ സുഹൃത്തിന്റെ പേരിലായിരുന്നു സെക്കൻഡുകള്‍ മാത്രം ദൈർഘ്യമുള്ള വിഡിയോ കോൾ. മുംബൈയിലെ ആശുപത്രിയിലുള്ള ഭാര്യയുടെ സഹോദരിക്ക് അടിയന്തര സർജറിക്കായി 40,000 രൂപ ആവശ്യമാണെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.
അമേരിക്കയിലാണെന്നും മുംബൈയിലെത്തിയാൽ ഉടന്‍ പണം തിരിച്ചു തരാമെന്നും സുഹൃത്ത് പറഞ്ഞതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ഗൂഗിൾപേ വഴി പണമയച്ചു. കൂടുതൽ പണം വിഡിയോയിലൂടെ ആവശ്യപ്പെട്ടപ്പോൾ സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോഴാണ് തട്ടിപ്പു മനസിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ്ഫെയ്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വിഡിയോ കോളിലൂടെ തട്ടിപ്പു നടത്തുന്ന കേരളത്തിലെ ആദ്യത്തെ കേസാണ് കോഴിക്കോട് സൈബർ പൊലീസിനു മുന്നിലെത്തിയത്. ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ സങ്കീർണമായ പരിശോധനകൾക്കൊടുവിൽ 4 പ്രതികൾ പിടിയിലായി. മുഖ്യപ്രതിയെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയുടെ ആന്ധ്രയിലുള്ള സൗഹൃത്തിന്റെ രൂപസാദൃശ്യമുള്ള ആളാണ് ഡീപ്ഫെയ്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ആന്ധ്രയിലെ സുഹൃത്തും ഭാര്യയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും ശബ്ദ സന്ദേശവും വാട്സാപ്പിലും അയച്ചു നൽകി. പണം നൽകിയശേഷം തട്ടിപ്പ് തിരിച്ചറിഞ്ഞ് കോഴിക്കോട് സ്വദേശി സുഹൃത്തിനോട് ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹത്തോടും ഇതേ രീതിയിൽ പണം ആവശ്യപ്പെട്ടതായി മനസിലായി. ആന്ധ്ര സ്വദേശി അമേരിക്കയിൽ പോയിരുന്നില്ല.
പണം തട്ടിയെടുത്ത അക്കൗണ്ട് വിവരങ്ങളും മറ്റു സൈബർ തെളിവുകളും പൊലീസ് പരിശോധിച്ചു. മിക്കവയും വ്യാജമായിരുന്നു. വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ദിവസങ്ങൾനീണ്ട പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു യഥാർഥ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ലഭിച്ചു. ഗുജറാത്ത് സ്വദേശിയായ കൗശൽഷാ എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക പോയതെന്നു വ്യക്തമായി. പൊലീസ് ആദ്യം വിചാരിച്ചത് തെറ്റായ ഡാറ്റ ആയിരിക്കുമെന്നാണ്. ഗുജറാത്തിൽപോയി പരിശോധിച്ചപ്പോൾ ആ പേരിൽ ഒരാൾ ഉണ്ടെന്നു മനസിലായി. ഗുജറാത്തിലെ ഉസ്മാൻപുര സ്വദേശിയായ കൗശൽഷാ നേരത്തെയും സൈബർ തട്ടിപ്പുകളില്‍ പ്രതിയാണെന്നും തിരിച്ചറിഞ്ഞു.
കൗശൽഷായെക്കുറിച്ച് ഗോവയിൽനിന്ന് ചില വിവരങ്ങൾ ലഭിച്ചു. ഗോവയിൽപോയി അന്വേഷിച്ചപ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കിട്ടി. ലഭിച്ച ഫോൺ നമ്പരുകളിൽനിന്ന് അന്വേഷണം ഒരു യുവാവിലേക്കെത്തി. ചോദ്യം ചെയ്തപ്പോൾ, ഒരാൾ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞു തിരിച്ചറിയൽ രേഖകൾ വാങ്ങി പറ്റിച്ചതായി യുവാവ് വെളിപ്പെടുത്തി. പറ്റിച്ചത് ആരാണെന്ന് വ്യക്തമാകാൻ സൈബർ പൊലീസ് ശേഖരിച്ച അൻപതോളം തെളിവുകൾ യുവാവിനെ കാണിച്ചു. പറ്റിച്ചയാളെ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞെങ്കിലും പേരോ സ്ഥലമോ ഗുജറാത്ത് സ്വദേശിയായ യുവാവിന് അറിയില്ലായിരുന്നു.
ഗുജറാത്ത് മെഹസേനയിലെ ഷേഖ് മുർത്തു സാമിയ ഹയത്ത് ഭായി എന്നയാളാണ് യുവാവിനെ പറ്റിച്ചതെന്നു വ്യക്തമായി. കൗശൽഷായ്ക്ക് സൈബർ തട്ടിപ്പുകൾക്കായി വ്യാജ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകിയിരുന്നത് ഇയാളായിരുന്നു. യുവാവിന്റെ തിരിച്ചറിയൽ രേഖകളും തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു. ഷേഖ് മുർത്തു സാമിയ ഹയത്ത് ഭായിയെ അറസ്റ്റു ചെയ്തു. സംഘത്തിന്റെ പ്രവർത്തനം വിപുലമാണെന്നു പൊലീസിനു മനസിലായി.
കോഴിക്കോട് നിന്നും നഷ്ടപ്പെട്ട പണം ഗോവയിലെ ഒരു ഗെയിമിങ് പ്ലാറ്റ്ഫോമിലേക്കാണ് പോയത്. അവിടെ നിന്നും കളിച്ചു കിട്ടുന്ന പണം വരുന്ന അക്കൗണ്ടിന്റെ ഉടമസ്ഥന്റെ അച്ഛനായിരുന്നു ഷേഖ് മുർത്തു സാമിയ ഹയത്ത് ഭായി. മകന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് അച്ഛനായിരുന്നു. ഇയാളാണ് എടിഎം വഴി പണം പിൻവലിച്ച് കൗശൽഷായ്ക്ക് നൽകിയിരുന്നത്. ചൂതുകളിക്കാനാണ് കൗശൽഷാ പണം ഉപയോഗിച്ചിരുന്നത്. കൗശൽഷാ മറ്റൊരു കേസിൽ അകപ്പെട്ട് ഇപ്പോൾ ഡൽഡി തിഹാർ ജയിലിലാണ്. ഇയാളെ ഉടൻ ചോദ്യം ചെയ്യും. തട്ടിപ്പിനു വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി സഹായിച്ച സിദ്ദേഷ് ആനന്ദ് കർവേ, അമ്‌രിഷ് അശോക് പട്ടീൽ എന്നിവരെയും പിടികൂടി. ഇവരും കസിനോവകളിൽ ചൂതാട്ടത്തിനാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചിരുന്നത്. വിവിധ ഘട്ടങ്ങളിൽ ലഭിച്ച സൈബർ തെളിവുകൾ സംയോജിപ്പിച്ചാണ് കുറ്റവാളികളിലേക്കെത്തിയത്.
മുഖ്യ പ്രതിക്കായുള്ള അന്വേഷണം നടന്നു വരുന്നു. ഇയാളാണ് ഇരകളെ കണ്ടെത്തുന്നതും വ്യാജ വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിച്ച് അവരുമായി സംസാരിക്കുന്നതും ഡീപ്ഫെയ്ക് സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിക്കുന്നതും. ദക്ഷിണേന്ത്യൻ ഭാഷകളും ഇംഗ്ലിഷും ഹിന്ദിയും ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ സിം കാർഡുകളും ആധുനിക സാങ്കേതിക വിദ്യയുടെ സംവിധാനങ്ങളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ഇയാളെ കണ്ടെത്താനുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചുവരുന്നു.
കേന്ദ്ര സർക്കാർ ജീവനക്കാരായിരുന്നവരുടെ വാട്സാപ്പ് കൂട്ടായ്മയിൽനിന്നും സമൂഹ മാധ്യമ പേജുകളിൽ നിന്നുമാണ് ഫോൺ നമ്പരുകൾ പ്രതികൾക്ക് ലഭിച്ചതെന്നു സൈബർ പൊലീസ് പറയുന്നു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേശ് കൊറോത്തിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബീരജ് കുന്നുമ്മൽ, സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.