‘കോടതിയില്‍ പോയത് തെരുവിലും മൈതാനത്തും കിട്ടാത്ത നീതിക്കായി; കേസ് തള്ളിയിട്ടില്ല, കെഫോണിൽ അഴിമതിയുണ്ട്’
![VD Satheesan | File Photo: Rahul R Pattom / Manorama വി.ഡി.സതീശന്‍ (File Photo: Rahul R Pattom / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/9/26/vd-satheesan-1.jpg?w=1120&h=583)
Mail This Article
കൊച്ചി∙ കെ ഫോണ്‍ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലെ ഹൈക്കോടതി വിമർശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെരുവിലും മൈതാനത്തും കിട്ടാത്ത നീതി തേടിയാണ് കോടതിയില്‍ പോയതെന്ന് സതീശന്‍ പറഞ്ഞു. തന്റെ കേസ് തള്ളിയിട്ടില്ലെന്നും പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘കെ ഫോണ്‍ അഴിമതി സംബന്ധിച്ച ഹര്‍ജി പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റിയാണോയെന്ന് കോടതി ചോദിച്ചെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരാതിയുമായി കോടതിയെ സമീപിക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ തെരുവില്‍ പറഞ്ഞാലും അതിനൊരു പബ്ലിസിറ്റിയുണ്ട്. തെരുവില്‍ പറഞ്ഞാലും മൈതാനത്ത് പറഞ്ഞാലും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയില്‍ പോയത്.
കോടതിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതു പോലെയൊന്നും പറയുന്നില്ല. കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാനുള്ള അവകാശം കോടതിക്കുണ്ട്. എഐ ക്യാമറ അഴിമതിയും സമാനമായ കാലത്ത് നടന്നതാണ്. അതു സംബന്ധിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കെ ഫോണ്‍ 2019 ല്‍ ഉണ്ടായതല്ലേയെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ഇതിനു കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് ഏഴ് വര്‍ഷമായിട്ടും അഞ്ച് ശതമാനത്തിന് പോലും നല്‍കിയില്ല. ആയിരം കോടിയുടെ പദ്ധതി ചെലവ് 1500 കോടിയായി വര്‍ധിപ്പിച്ചതില്‍ തന്നെ അഴിമതിയുണ്ട്.
സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇത്രയും വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. സിഎജി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരും. പദ്ധതി ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാലതാമസമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ധനപ്രതിസന്ധിയുള്ള കേരളത്തില്‍ 1500 കോടിയുടെ പദ്ധതി കൊണ്ടുവന്നിട്ടും 5 ശതമാനത്തിന് പോലും ഗുണം ലഭിച്ചില്ലെന്ന് പറയുന്നത് എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
റോഡ് ക്യാമറയിലേതു പോലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എസ്ആര്‍ഐടി, പ്രസാഡിയോ കമ്പനികള്‍ രണ്ടു ഇടപാടുകളിലുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണ് ഈ പദ്ധതികളില്‍ നടന്നത്. നിലവില്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ കേസ് തള്ളിയിട്ടില്ല’’– അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ വന്‍ അഴിമതി നടന്നെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സതീശന്‍ കോടതിയിലെത്തിയത്. ഹര്‍ജിയില്‍ പൊതുതാല്‍പര്യം എന്തെന്ന് കോടതി ചോദിച്ചിരുന്നു. 2019ലെ തീരുമാനത്തെ 2024ല്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു. സിഎജി റിപ്പോര്‍ട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകള്‍ ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. എന്നാല്‍ ‘അത് ലഭിച്ചിട്ട് വന്നാല്‍ പോരെ’യെന്നും കോടതി ചോദിച്ചു. സിഎജി റിപ്പോര്‍ട്ട് അല്ലെന്നും നിരീക്ഷണങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.