ADVERTISEMENT

ന്യൂഡൽഹി ∙ തന്റേതെന്ന പേരിൽ പുറത്തുവന്ന വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ, ന്യൂസ് പോർട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് നടിയും സമൂഹമാധ്യമ താരവുമായ അഞ്ജലി അറോറ. മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് തയാറാക്കിയ എംഎംഎസ് വിഡിയോ ഉപയോഗിച്ച് തന്റെ പ്രതിഛായ തകർത്തെന്ന് അഞ്ജലി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ പറയുന്നു. തൊഴിലവസരങ്ങൾ ഉൾപ്പെടെ നിഷേധിക്കപ്പെട്ടെന്നും കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് താൻ കടന്നുപോയതെന്നും അവർ പറഞ്ഞു. 

2022 ഓഗസ്റ്റില്‍ പുറത്തുവന്ന അശ്ലീല വിഡിയോ ക്ലിപ്പാണ് വിവാദങ്ങളുടെ തുടക്കം. വിഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വ്യക്തമല്ലെങ്കിലും, അത് അഞ്ജലി അറോറയാണെന്ന് അവകാശപ്പെട്ട് ന്യൂസ് പോർട്ടൽ വാര്‍ത്ത നൽകിയതോടെ വിഡിയോ വൈറലായി. ഇതിനു പിന്നാലെ മറ്റുപല ന്യൂസ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും ഇത്തരത്തിൽ വാർത്ത നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ആ സമയത്ത് ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്ന അഞ്ജലിക്ക് സംഭവത്തിൽ പരാതി നൽകാന്‍ കഴിഞ്ഞിരുന്നില്ല. 

പരിപാടിയുടെ എല്ലാ എപ്പിസോഡും പൂർത്തിയായ ശേഷമേ പുറംലോകവുമായി ബന്ധം പാടുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നു. പുറത്തിറങ്ങിയ താരത്തിനുനേരെ വലിയ തോതിലുള്ള അധിക്ഷേപമാണുണ്ടായത്. സമൂഹമാധ്യങ്ങളിൽ നിരവധിപ്പേർ അശ്ലീല കമന്റുകളുമായി രംഗത്തുവന്നതോടെ മാനസികമായി തകർന്നു. വിഡിയോ കാരണം പലപ്പോഴും തൊഴിലവസരങ്ങൾ നഷ്ടമായി. വ്യാജ വിഡിയോയും വാർത്തയും നല്‍കിയതിലൂടെ താൻ നേരിട്ടത് വലിയ പ്രയാസങ്ങളാണെന്നും മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും അഞ്ജലി വ്യക്തമാക്കി

ഡൽഹി സ്വദേശിയായ അഞ്ജലി അറോറ, ‘ദ് ലവ് ഈസ് ഫോർ എവർ’, ‘ദില്ലിവലിയാൻ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം കങ്കണ റണൗട്ട് ഹോസ്റ്റ് ചെയ്ത ‘ലോക്ക് അപ് സീസൺ 1’ റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തയായത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ അഞ്ജലിക്ക് 1.3 കോടിയിലേറെ ഫോളോവേഴ്സ് ഉണ്ട്. ‘ടെംപററി പ്യാർ’, ‘ആഷിഖ് പുരാന’, ‘സജ്നാ ശായദ് ഫിർ സെ’ തുടങ്ങിയ മ്യൂസിക് വിഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

English Summary:

All You Need To Know About Anjali Arora And The Morphed Video Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com