ADVERTISEMENT

ഇസ്‍ലാമാബാദ് ∙ ബലൂചിസ്ഥാൻ‌ പ്രവിശ്യയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കടുത്ത നീക്കവുമായി പാക്കിസ്ഥാൻ. ഇറാനിലെ പാക്ക് അംബാസഡറെ തിരിച്ചുവിളിച്ചു. സ്വന്തം രാജ്യത്തേക്കു പോയ ഇറാൻ അംബാസഡറോടു പാക്കിസ്ഥാനിലേക്കു തിരിച്ചുവരേണ്ടെന്നും ആവശ്യപ്പെട്ടു.

മിസൈൽ– ഡ്രോൺ ആക്രമണത്തിന്റെ പിറ്റേന്നാണു നടപടി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയിലേക്കു ചൊവ്വാഴ്ച രാത്രിയിലായിരുന്നു ഇറാന്റെ ആക്രമണം. സംഭവത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായും മൂന്നു പേർക്കു പരുക്കേറ്റതായും പാക്ക് അധികൃതർ പറഞ്ഞു. അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇറാന്റെ ആക്രമണം.

ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രകോപനമില്ലാതെ വ്യോമാതിർത്തിയിൽ കടന്നുകയറിയതിനു ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകി. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ വഴി പാക്കിസ്ഥാന്റെ ശക്തമായ പ്രതിഷേധം ഇറാനെ അറിയിച്ചു.

ബലൂച് മേഖലയിലെ ഭീകര സംഘടനയുടെ രണ്ട് കേന്ദ്രങ്ങൾ ഉന്നമിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഈ ഭീകര സംഘടന ഇറാന്റെ സുരക്ഷാ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നെന്നാണു വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com