രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഒരേ സ്ഥലത്തെത്തുന്ന അപൂർവത; തൃശൂർ ‘എടുക്കാൻ’ സുരേഷ് ഗോപിക്കൊപ്പം അടിയുറച്ച് ബിജെപി
Mail This Article
തിരുവനന്തപുരം ∙ ബിജെപിയുടെ തിരഞ്ഞെടുപ്പു സാധ്യതാ ഭൂപടത്തിൽ പത്തു വർഷം മുൻപുവരെ തൃശൂർ ഒരു സാധാരണ പേരായിരുന്നു. കഴിയുന്നത്ര വോട്ടു പിടിച്ച് ശക്തി തെളിയിക്കുക മാത്രം ലക്ഷ്യമിട്ട് മൽസരത്തിനിറങ്ങിയിരുന്ന മണ്ഡലം. നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയുള്ള ഏക മണ്ഡലം തിരുവനന്തപുരമായിരുന്നു. മുതിർന്ന നേതാക്കളായിരുന്നു തലസ്ഥാനത്ത് ബിജെപിക്കായി മത്സരത്തിനിറങ്ങിയത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളാനും ബിജെപിക്കു കഴിഞ്ഞു.
2019 ൽ നടൻ സുരേഷ് ഗോപി മത്സരിക്കാനെത്തിയതോടെയാണ് തൃശൂർ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറിയത്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ 1,91,141 വോട്ടുകൾ കൂടുതൽ നേടി സുരേഷ് ഗോപി വരവറിയിച്ചതോടെ, സാധ്യതാ പട്ടികയിൽ തിരുവനന്തപുരത്തിനൊപ്പമോ അതിനേക്കാളോ പ്രാധാന്യം ബിജെപി തൃശൂരിനു നൽകിത്തുടങ്ങി.
∙ ബിജെപി പ്രതീക്ഷ സുരേഷ് ഗോപിയിൽ
സംഘടനാ സംവിധാനത്തേക്കാൾ സുരേഷ് ഗോപി എന്ന വ്യക്തിയിലാണ് ബിജെപി ഇത്തവണ പ്രതീക്ഷ വയ്ക്കുന്നത്. കേന്ദ്രനേതൃത്വവും പിന്തുണ നൽകുന്നു. രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഒരു സ്ഥലത്ത് രണ്ടുവട്ടം എത്തുന്നത് പതിവുള്ളതല്ല. ജനുവരി മൂന്നിനും 17 നും തൃശൂരിലെത്തിയതുവഴി, ദേശീയ നേതൃത്വം മണ്ഡലത്തിനും സുരേഷ് ഗോപിക്കും നൽകുന്ന പരിഗണനയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്തും തൃശൂരിലും പൊതുവായ ഘടകമുള്ളത് ന്യൂനപക്ഷ വോട്ടാണ്. രണ്ടിടത്തും ബിജെപിയുടെ മുന്നേറ്റത്തെ തടയുന്ന പ്രധാന ഘടകവും ഇതുതന്നെ. തീരദേശത്തെ ക്രൈസ്തവ, മുസ്‌ലിം വോട്ടുകളാണ് തലസ്ഥാനത്ത് ബിജെപിക്ക് പ്രധാന മാർഗതടസമെങ്കിൽ തൃശൂരിൽ അത് ക്രൈസ്തവ വോട്ടുകളാണ്. രണ്ടു ജില്ലകളിലെയും ന്യൂനപക്ഷ വോട്ടുകൾ കൂടുതലും ലഭിക്കുന്നത് യുഡിഎഫിനും.
ക്രൈസ്തവ സഭകൾ തൃശൂരിൽ പിന്തുണച്ചാൽ ബിജെപി അട്ടിമറി പ്രതീക്ഷിക്കുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം പരമാവധി പ്രയോജനപ്പെടുത്തുന്നതും അതിനാൽത്തന്നെ. പ്രധാനമന്ത്രി നേരിട്ട് പിന്തുണ നൽകുന്നതിനാൽ പാർട്ടിയിൽ സുരേഷ് ഗോപിക്ക് എതിർശബ്ദങ്ങളുമില്ല. 1996 ൽ, പ്രബലനായ കെ.കരുണാകരൻ 1480 വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലചരിത്രം ബിജെപിയുടെ മുന്നിലുണ്ട്.
അഞ്ചു വർഷത്തിനിടെ വർധിച്ച വോട്ടുകളിലാണ് ബിജെപി പ്രതീക്ഷ. 2014ൽ കെ.പി.ശ്രീശൻ മത്സരിച്ചപ്പോൾ 1,02,628 വോട്ടുകളാണ് ബിജെപിക്കു ലഭിച്ചത്. 2019 ൽ സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ട്. 1,91,141 വോട്ടുകൾ അധികമായി ബിജെപിയിലേക്കെത്തി. അത്തവണ ജേതാവായ കോൺഗ്രസിലെ ടി.എൻ.പ്രതാപൻ 93,633 വോട്ടുകൾക്കാണ് സിപിഐയിലെ രാജാജി മാത്യു തോമസിനെ പരാജയപ്പെടുത്തിയത്. രാജാജി 3,21,456 വോട്ടുകൾ നേടി. ടി.എൻ.പ്രതാപനും സുരേഷ് ഗോപിയുമായുള്ള വോട്ട് വ്യത്യാസം 1,21,267. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ വോട്ടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതലായി ലഭിച്ചു. നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് വ്യക്തിപരമായും പിന്തുണ ലഭിച്ചു.
ഹൈന്ദവ വോട്ടുകൾ കൂടുതലായി നേടുന്നതിനൊപ്പം ക്രൈസ്തവ വോട്ടുകളിലെ ഒരു ഭാഗം കൂടി അടർത്തിയെടുക്കാൻ കഴിഞ്ഞാൽ വിജയിക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തലസ്ഥാനത്ത് രണ്ടു തവണ രണ്ടാം സ്ഥാനത്ത് ആയതിന്റെ ഒരു ഘടകം ന്യൂനപക്ഷങ്ങൾക്ക് ബിജെപി നയങ്ങളോടുള്ള എതിർപ്പായിരുന്നു. മറ്റൊന്ന് ശശി തരൂരെന്ന സ്ഥാനാർഥിയും. തൃശൂരിൽ ഈ രണ്ടു ഘടകങ്ങളെയും സുരേഷ് ഗോപിയിലൂടെ മറികടക്കാമെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസം.
∙ പ്രചാരണത്തുടക്കമായി റോഡ് ഷോ
കേരളത്തിൽ മുന്നണികൾ തിരഞ്ഞെടുപ്പു പ്രചാരണമോ സ്ഥാനാർഥി നിർണയ ചർച്ചകളോ ആരംഭിക്കുന്നതിനു മുൻപാണ് പ്രധാനമന്ത്രി കേരളത്തിലെത്തി റോഡ് ഷോ നടത്തിയത്. ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സംഗമത്തിൽ പങ്കെടുക്കാനാണ് ജനുവരി മൂന്നിന് അദ്ദേഹം എത്തിയതെങ്കിലും ഫലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണമാണ് നടന്നത്. സുരേഷ് ഗോപിയെ റോഡ് ഷോയിൽ ഒപ്പംകൂട്ടി സ്ഥാനാർഥിയാരെന്ന സന്ദേശവും നൽകി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടാഴ്ചയ്ക്കുശേഷം എത്തിയതിലൂടെ അദ്ദേഹത്തിനു കേന്ദ്ര നേതൃത്വം നൽകുന്ന പരിഗണനയും വ്യക്തമാക്കി. ക്രൈസ്തവ സഭകളെ പാർട്ടിയുമായി അടുപ്പിക്കാൻ കേന്ദ്ര നേതൃത്വം ശ്രമം നടത്തുന്നുണ്ട്. ക്രൈസ്തവ പിന്തുണയുള്ള ചെറു പാർട്ടികളെ ഒപ്പം കൂട്ടിയിട്ടും നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രം നേരിട്ട് ഇടപെടുന്നത്.
∙ പ്രതാപനു തന്നെ സാധ്യത
നരേന്ദ്ര മോദി രണ്ടു തവണ എത്തിയ തൃശൂരിൽത്തന്നെ ഫെബ്രുവരിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ പ്രചാരണത്തിനു തുടക്കമിടാനാണ് കോൺഗ്രസ് തീരുമാനം. കോൺഗ്രസിൽനിന്ന് സിറ്റിങ് എംപി ടി.എൻ.പ്രതാപൻ മത്സരിക്കാനാണ് സാധ്യത. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അദ്ദേഹം സജീവമായിക്കഴിഞ്ഞു. പ്രതാപന് മണ്ഡലത്തിലുള്ള ബന്ധങ്ങളും ജനകീയ അടിത്തറയും പാര്‍ട്ടി പരിഗണിക്കും.
കെ.സുധാകരൻ ഒഴികെയുള്ള എംപിമാർ വീണ്ടും മത്സരിച്ചേക്കും. പാലക്കാട് ജില്ലയിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ക്രൈസ്തവ സഭ പതിവുപോലെ മുന്നണിക്കൊപ്പം നിൽക്കുമെന്നും ബിജെപിയുടെ വർഗീയ നിലപാടുകളെ അംഗീകരിക്കില്ലെന്നും പാർട്ടി നേതൃത്വം പറയുന്നു.
∙ സിപിഐ തേടുന്നത് കരുത്തനെ
സിപിഐയിൽ സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ചിട്ടില്ല. മുൻ മന്ത്രി സുനിൽകുമാറിനെ രംഗത്തിറക്കിയാൽ തൃശൂരിൽ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ കഴിയുമെന്ന തരത്തിലാണ് പാർട്ടിയിലെ ചർച്ച. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് പാർട്ടിയിലെ മാറിയ ഗ്രൂപ്പ് സമവാക്യങ്ങൾ തീരുമാനത്തിൽ നിർണായകമാകും. 2004 നു ശേഷം സിപിഐയ്ക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചത് 2014 ൽ സി.എൻ.ജയദേവൻ മത്സരിച്ച് വിജയിച്ചപ്പോഴാണ്– 3,89,209 വോട്ട്.
കഴിഞ്ഞ തവണ പ്രതാപനോടു പരാജയപ്പെട്ട രാജാജി മാത്യു തോമസിനു കിട്ടിയ വോട്ട് 3,21,456 ആയിരുന്നു. രാജാജിക്ക് പാർട്ടിയിലും വേണ്ടത്ര സ്വീകാര്യത നേടാനായില്ല. ഇത്തവണ കരുത്തനായ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ കാര്യങ്ങൾ അനുകൂലമാകില്ലെന്ന് സിപിഐ നേതൃത്വം തിരിച്ചറിയുന്നുണ്ട്.