ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരായ ഇറാന്റെ മിസൈൽ ആക്രമണം ആ രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന നിലപാടുമായി ഇന്ത്യ. പ്രതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികൾ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഭീകരവാദത്തോട് യാതൊരുവിധ സന്ധിയുമില്ലെന്ന നിലപാട് അധികൃതർ ആവർത്തിച്ചു. 

‘‘ഇത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തോട് യാതൊരു സന്ധിയുമില്ല എന്നതാണ് നിലപാട്. സ്വയരക്ഷയ്ക്കും പ്രതിരോധത്തിനുമായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഇന്ത്യ മനസ്സിലാക്കുന്നു.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ഇറാഖിലും പാക്കിസ്ഥാനും ഇറാൻ നടത്തിയ കടന്നാക്രമണങ്ങൾ മേഖലയിൽ പുതിയ സംഘർഷത്തിനു തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരസംഘടനയുടെ 2 താവളങ്ങളിലാണു ചൊവ്വാഴ്ച ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. തിങ്കളാഴ്ച വൈകിട്ടു വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ നഗരമായ ഇർബിലിലും വടക്കൻ സിറിയയിലെ ഐഎസ് താവളങ്ങളിലും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു.

ആക്രമണത്തിൽ പ്രതിഷേധിച്ചു കുർദിഷ് പ്രധാനമന്ത്രി മസ്റൂർ ബർസാനി ഇറാഖ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇന്നലെയാണു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഇറാഖിലെ അർധ സ്വയംഭരണ മേഖലയാണു കുർദിസ്ഥാൻ. കുർദ് തലസ്ഥാനനഗരമായ ഇർബിലിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനമാണു ബോംബിട്ടു തകർത്തതെന്നാണ് ഇറാന്റെ വാദം. മിസൈലാക്രമണത്തിൽ പ്രമുഖ കുർദിഷ് വ്യവസായി പേഷ്റോ ദിസായിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞുമടക്കം 4 പേരാണു കൊല്ലപ്പെട്ടത്. കുർദുകൾ പരമ്പരാഗതമായി പാശ്ചാത്യശക്തികൾക്കൊപ്പമാണ്.

2003ൽ സദ്ദാം ഹുസൈൻ അധികാരഭ്രഷ്ടനായശേഷം ശക്തിപ്രാപിച്ച ഷിയാ സംഘടനകളിലൂടെ ഇറാഖ് രാഷ്ട്രീയത്തിലും ഭരണത്തിലും ഇറാനു നിർണായക സ്വാധീനമാണുള്ളത്. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അധികാരത്തിലെത്തിയത് ഇറാൻ അനുകൂല ഷിയ സംഘടനകളുടെ പിന്തുണയോടെയാണ്.

എന്നാൽ, രാജ്യത്തിനകത്തു നടത്തിയ ആക്രമണം മൂലം ഇറാൻവിരുദ്ധ നിലപാടെടുക്കാൻ സർക്കാർ നിർബന്ധിതമായി. വ്യോമാതിർത്തി ലംഘിച്ച ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു പാക്കിസ്ഥാനും മുന്നറിയിപ്പു നൽകി. ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെ ബലൂച് പഞ്ച്ഗറിലെ 2 താവളങ്ങളും തകർത്തുവെന്നാണ് ഇറാൻ വ്യക്തമാക്കിയത്.

കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്തൻ ബലൂചിസ്ഥാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാൻ അതിർത്തി മേഖലയിൽ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് ഭീകരസംഘടനയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. മിസൈൽ ആക്രമണങ്ങളിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാൻ അറിയിച്ചു.

English Summary:

"We Understand Actions Taken In Self Defence": India On Iran Strikes In Pak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com