‘മോദിയുടെ മുന്നിൽ അനുസരണയുള്ള ആട്ടിൻകുട്ടിയായി പിണറായി; തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും’

Mail This Article
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കു വേണ്ടി ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഎം സിപിഐയെ കുരുതികൊടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ പിണറായി വിജയൻ അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം–ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള വിവാദ ഇടപാടുകളുമായി ബന്ധപ്പെട്ട ആർഒസി റിപ്പോർട്ട് പുറത്തുവന്നതിലായിരുന്നു മുരളീധരന്റെ പ്രതികരണം.
Read also: കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടിസ്, കൊച്ചി ഓഫിസിൽ ഹാജരാകണം
‘‘തൃശൂരിൽ സിപിഎം സിപിഐയെ കുരുതി കൊടുക്കാൻ തീരുമാനിച്ചു. ഇനി ബാക്കി ഘടകകക്ഷികളെ എവിടെ കുരുതി കൊടുക്കുമെന്നത് തിരഞ്ഞെടുപ്പിൽ കാണാം. സിപിഎം–ബിജെപി അന്തർധാര വ്യക്തമായി കഴിഞ്ഞു. അതാണ് വിമാനത്താവളത്തിലും മറ്റും കാണാനായത്. ഇത്രയും അനുസരണയുള്ള കുട്ടിയായിട്ട് മുഖ്യമന്ത്രിയെ ആദ്യമായിട്ട് കാണുകയാണ്.
ഞങ്ങളെ കാണുമ്പോൾ ചീറിക്കടിക്കാൻ വരുന്ന ആൾ അനുസരണയുള്ള ആട്ടിൻകുട്ടിയായി മോദിയുടെ മുന്നിൽ നിൽക്കുന്നു. അത് ഇതിനു വേണ്ടിയിട്ടാണ്. ആ കുരുക്കിൽനിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. അത് ഞങ്ങൾ സമ്മതിക്കില്ല, തുറന്നു കാട്ടുക തന്നെ ചെയ്യും.
അതുകൊണ്ട് ഞങ്ങൾ പറയുന്നു, തീർച്ചയായും അന്വേഷണം നടത്തണം, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. പിണറായി–മോദി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ മുദ്രാവാക്യം’’– മുരളീധരൻ പറഞ്ഞു.