ADVERTISEMENT

ന്യൂഡൽഹി ∙ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ  സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീം കോടതി ഉത്തരവ്. ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട് ശരിവച്ചാണു നടപടി.

ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര അസുഖമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. രോഗം സുഷ്മനാനാ‍ഡിയെയും ബാധിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ദീർഘനേരം നിൽക്കുന്നത് ശരീരത്തെ ബാധിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയുടെ ആവശ്യവും ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം പുതുച്ചേരി ജിപ്മറിൽ നടത്തിയ മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ശിവശങ്കറിന് ഗുരുതര രോഗമില്ലെന്നായിരുന്നു ഇ.ഡിയുടെ വാദം.

നട്ടെലിന്റെ ശസ്ത്രക്രിയ ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ പരിഗണിച്ച് ശിവശങ്കറിന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തുടർന്ന് ചികിത്സാ കാരണങ്ങളാൽ അത് രണ്ടു പ്രാവശ്യം നീട്ടുകയും ചെയ്തു. തുടർന്നു സ്ഥിരജാമ്യം അനുവദിക്കണമെന്ന് സമർപ്പിച്ച ഹർജിയിലാണ് വിധി വന്നത്. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി  കോഴയായി നൽകിയാണ് യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണ് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽ കണ്ടെത്തിയതെന്നുമാണ് ആരോപണം.

English Summary:

Life Mission bribery case: M. Sivashankar got bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com