ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയ ജാഥകൾ അവസാനിക്കുന്ന ജില്ലയാണ് തിരുവനന്തപുരം; രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങുന്നയിടവും. രാഷ്ട്രീയ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ജില്ലയായതിനാൽ ജില്ലയിലെ രാഷ്ട്രീയ കാറ്റ് മറ്റു ജില്ലകളെയും സ്വാധീനിക്കും. ജില്ല പിടിച്ചവർ കേരളം ഭരിച്ചതാണ് ചരിത്രം. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരുടെ മുന്നിലാണ് സെക്രട്ടേറിയറ്റും നിയമസഭയും ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിനിൽക്കുന്നത്.

Read also: ‘സുനിലേട്ടന് ഒരു വോട്ട്’, ‘തുടരും പ്രതാപത്തോടെ’: പാർട്ടിക്കു മുൻപേ പ്രചാരണം തുടങ്ങി പ്രവർത്തകർ, ആരെടുക്കും തൃശൂർ?


മുന്നണികൾ രണ്ടാം സ്ഥാനത്തിനും പ്രധാന്യം നൽകുന്ന മണ്ഡലം. ശശി തരൂരെന്ന വ്യക്തിയിലാണ് കോൺഗ്രസ് പ്രതീക്ഷ. ശക്തമായ മത്സരത്തിനായി ആളെ തിരയുകയാണ് സിപിഐ. ഏറെ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ കേന്ദ്ര നേതൃത്വത്തിൽനിന്ന് ഉൾപ്പെടെ അപ്രതീക്ഷിത സ്ഥാനാർഥികളുണ്ടാകാമെന്ന് ബിജെപി നേതൃത്വം പറയുന്നു.

2019ലെ കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ (PTI Photo)
2019ലെ കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ (PTI Photo)

എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രതീക്ഷയുള്ള മണ്ഡലമായി തിരുവനന്തപുരത്തെ ബിജെപി പറയുന്നതിനു പിന്നിൽ ചില കണക്കുകളുണ്ട്. കേന്ദ്രത്തിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ തുടർച്ചയായി വലിയ വർധനയുണ്ടാക്കിയ പാർട്ടി ബിജെപി മാത്രമാണ്. സിപിഐയുടെയും കോൺഗ്രസിന്റെയും വോട്ടുവിഹിതത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായി. നായർ, ബ്രാഹ്മണ സമുദായങ്ങൾക്ക് നഗരമേഖലയിലുള്ള സ്വാധീനവും ബിജെപി കേന്ദ്ര നേതാക്കളോട് ആഭിമുഖ്യമുള്ള വിഭാഗങ്ങളും ബിജെപി അനുഭാവ സമുദായ സംഘടനകളുമെല്ലാം ബിജെപി വോട്ട് ബാങ്ക് ഉയർത്തുന്നുണ്ട്.

ബിജെപി കേന്ദ്രം ഭരിക്കുന്നതിനാൽ തലസ്ഥാനത്തുനിന്ന് ഒരു ബിജെപി എംപി ഉണ്ടാകുന്നത് ഗുണകരമാകുമെന്ന് കരുതുന്നവരും ബിജെപിയുടെ ശക്തിയാണ്. 2014ൽ ശശി തരൂർ കോൺഗ്രസിനായി രണ്ടാം തവണ മത്സരിക്കാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 15,470 വോട്ടായി കുറയ്ക്കാൻ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനു കഴിഞ്ഞിരുന്നു. ആ വർഷം, കേന്ദ്രത്തിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിലെത്തിയത് ബിജെപിയും.

1998 ൽ കേരള വർമരാജ മത്സരിക്കുമ്പോൾ ബിജെപിയുടെ വോട്ട് 94303 ആയിരുന്നു. 1999ൽ രാജഗോപാൽ മത്സരിച്ചപ്പോൾ വോട്ട് 158221 ആയി ഉയർന്നു. 2004 ൽ രാജഗോപാൽ വീണ്ടും മത്സരിച്ചപ്പോള്‍ വോട്ട് 228052 ആയി. 2009 ൽ പി.കെ.കൃഷ്ണദാസ് മത്സരിച്ചപ്പോഴാണ് വോട്ടു വിഹിതം കുറഞ്ഞത്– 84094 വോട്ട്. മണ്ഡലത്തില്‍ ശക്തിയുള്ള നീലലോഹിത ദാസൻ നാടാർ ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ച് 84094 വോട്ട് നേടിയതും ശശി തരൂർ ആദ്യമായി മത്സരിക്കാനെത്തിയപ്പോഴുണ്ടായ ആവേശവുമെല്ലാം ബിജെപി വോട്ട് കുറച്ചു. 2014ൽ ഒ.രാജഗോപാൽ മത്സരിച്ചപ്പോൾ ലഭിച്ച വോട്ട് 282336. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ മത്സരിച്ചപ്പോൾ 316142 വോട്ടു ലഭിച്ചു.

കുമ്മനം രാജശേഖരൻ (File Photo: MANORAMA)
കുമ്മനം രാജശേഖരൻ (File Photo: MANORAMA)

21 വർഷത്തിനിടെ 94303 വോട്ടെന്നത് 316142 ആയി ഉയർന്നു. വോട്ടു വർധന 221839. രാജഗോപാലിനെയും കുമ്മനത്തെയും പോലുള്ള നേതാക്കൾ മത്സരിക്കാനിറങ്ങിയത് ബിജെപിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജയം തടഞ്ഞത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളാണ്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥിയെയാണ് ബിജെപി തിരയുന്നത്.

2022 ഒക്ടോബറിൽ തിരുവനന്തപുരത്തു നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ സി.ദിവാകരൻ എത്തിയപ്പോൾ (ചിത്രം: മനോരമ)
2022 ഒക്ടോബറിൽ തിരുവനന്തപുരത്തു നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ സി.ദിവാകരൻ എത്തിയപ്പോൾ (ചിത്രം: മനോരമ)

ശശി തരൂർ 2009ൽ മത്സരിക്കാനെത്തിയശേഷം കോൺഗ്രസ് വോട്ടുകൾ 3 ലക്ഷമോ അതിലധികമോ ആയി നിലനിന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോൾ തരൂരിനു ലഭിച്ചത് 326725 വോട്ടുകൾ. കേന്ദ്രത്തിലെ കോൺഗ്രസ് ഭരണവും തരൂരിന്റെ വ്യക്തി പ്രഭാവവും വോട്ട് ഉയർത്തി. മുൻപ് മത്സരിച്ച വി.എസ്.ശിവകുമാറിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടുകൾ തരൂരിന് അധികമായി ലഭിച്ചു. 2014ൽ ബിജെപി അനുകൂല തരംഗം കേന്ദ്രത്തിലുണ്ടായപ്പോൾ വോട്ട് 297806 ആയി. 2019ൽ ലഭിച്ച വോട്ട് 416131. ബിജെപി വിരുദ്ധ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ബിജെപി ജയിക്കരുതെന്ന് ചിന്തിച്ച എൽഡിഎഫിലെ ഒരു വിഭാഗത്തിന്റെ വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തരൂരിനു ലഭിച്ചു. ഇത്തവണയും തരൂരാകും കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളും ന്യൂനപക്ഷ വോട്ടും യുവാക്കളുടെ വോട്ടും തുണയാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. സാമുദായിക, സാമൂഹിക വിഭാഗങ്ങൾക്കു സ്വീകാര്യനെന്ന പ്രതിച്ഛായയാണ് തരൂരിന്റെയും യുഡിഎഫിന്റെയും കരുത്ത്. 2014 ൽ ഏഴിൽ 4 മണ്ഡലങ്ങളിലും പിന്നിലായിട്ടും തീരദേശമേഖലയാണ് തുണച്ചത്. ആ ശക്തിയിൽ വിശ്വാസമുണ്ട്.

എൽഡിഎഫിൽനിന്ന് സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ പാര്‍ട്ടിക്ക് ആശ്വസിക്കാനുള്ള വകയില്ല. 2014ലും 2019ലും സിപിഐ മൂന്നാം സ്ഥാനത്തായി. 2014ൽ ബെനറ്റ് എബ്രഹാമിനെ സ്വതന്ത്ര സ്ഥാനാർഥിയായാണ് പാർട്ടി അവതരിപ്പിച്ചത്. കോഴവാങ്ങി സ്ഥാനാർഥിത്വം നൽകിയതായി ആരോപണം ഉയർന്നു. മുതിർന്ന നേതാക്കളായ ആർ.രാമചന്ദ്രൻ നായരും വെഞ്ഞാറമൂട് ശശിയും പാർട്ടിക്ക് പുറത്തായി. സി.ദിവാകരനെതിരെ അച്ചടക്ക നടപടിയെടുത്തു.

2019ൽ സി.ദിവാകരനെ രംഗത്തിറക്കിയെങ്കിലും മൂന്നാം സ്ഥാനത്തായി. പാർട്ടിക്കുള്ളിലും ദിവാകരന് പിന്തുണ ലഭിച്ചില്ല. സിപിഐ മത്സരിക്കുന്ന തൃശൂരും തിരുവനന്തപുരത്തുമാണ് ബിജെപി സ്വാധീനം വർധിപ്പിക്കുന്നത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ അംഗത്വം വർധിച്ചതിൽ മുന്നിലാണ് ജില്ല. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. സിപിഎം പിന്തുണയാണ് വോട്ട് വിഹിതം നിശ്ചയിക്കുന്നത്.

സിപിഎം പിന്തുണ ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതി നേതൃത്വത്തിനുണ്ട്. എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ അവതരിപ്പിക്കാനും നേതൃത്വത്തിനു കഴിയുന്നില്ല. ക്രിസ്ത്യൻ വിഭാഗത്തെകൂടി ആകർഷിക്കാനാണ് ബെനറ്റ് എബ്രഹാമിനെ രംഗത്തിറക്കിയതെങ്കിലും മുൻ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറയുകയാണ് ചെയ്തത്. മന്ത്രി ജി.ആർ.അനിലിന്റെ പേരിനാണ് ഇത്തവണ മുൻതൂക്കം.

2019ൽ മറ്റു രണ്ട് മുന്നണി സ്ഥാനാർഥികൾക്കും എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെക്കാൾ വോട്ടു വർധിച്ചപ്പോൾ പാറശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ എൽഡിഎഫിന് വോട്ടു കുറഞ്ഞു. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം മണ്ഡലം. കോവളം മണ്ഡലം മാത്രമാണ് യുഡിഎഫിനുള്ളത്.

English Summary:

Political situation of Thiruvananthapuram constitunency ahead of Lok Sabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com